ലോകസ്ഭാ , നിയമസഭാ തെരഞ്ഞെടുപ്പ് തരംഗം ഒരിക്കലും പൂരകസ്വഭാവമുള്ളതല്ല. കേരളത്തിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അലയടിച്ചിരുന്നു. 19 സീറ്റുകൾ നേടിയാണ് അന്ന് യുഡിഎഫ് വിജയ ഗാഥ തെളിച്ചത്. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അധികാരത്തിലേറുകയയും ചെയ്തു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരിശോധിക്കുമ്പോൾ 18 സീറ്റുകളിൽ യുഡിഎഫ് വിജയം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വർത്തിച്ച ഒരു ഘടകം, ഭരമവിരുദ്ധ വികാരമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 1 വർഷത്തേക്കടുക്കുമ്പോൾ, കേരളത്തിലെ വോട്ടിംഗ് പാറ്റേൺ ഒരു മാറ്റത്തിലാണെങ്കിലും അത് നിയന്ത്രിക്കപ്പെട്ടുവെന്നും ഇപ്പോഴും ഇടതുപക്ഷത്തിന് അനുകൂലമാണെന്നും രാഷ്ട്രീയ വിശകലന വിദഗ്ദ്ധ മനീഷ പ്രിയം അഭിപ്രായപ്പെടുന്നുണ്ട്. കോൺഗ്രസ് കേഡർ ദുർബലമാണെന്നാണ് സംസ്ഥാനത്തെ വോട്ടർമാർ വിശ്വസിക്കുന്നത്.

അതേസമയം ഇടതുപക്ഷം ഇപ്പോഴും ശക്തമാണ്. കേന്ദ്രത്തിലെ കോൺഗ്രസിന്റെ മോശം പ്രകടനം സംസ്ഥാനത്ത് അതിന്റെ സാധ്യതകളെ ദോഷകരമായി ബാധിക്കുകയായിരുന്നു എന്നും പ്രിയം പറഞ്ഞു. ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുകയാണെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അകന്നുപോയ സ്ത്രീ, ഒബിസി വോട്ടർമാരെ തിരിച്ചെത്തിക്കാം എന്നും സെന്റർ ഫോർ പോളിസി റിസർച്ച് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംസ്ഥാനത്ത് ബിജെപിയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് സെഫോളജിസ്റ്റും സി വോട്ടറിന്റെ സ്ഥാപക ഡയറക്ടറുമായ യശ്വന്ത് ദേശ്മുഖും അഭിപ്രായപ്പെടുന്നു. ”പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, ത്രിപുരയിലെ ബിജെപിയെക്കുറിച്ചോ പശ്ചിമ ബംഗാളിലെ ബിജെപിയെക്കുറിച്ചോ നമ്മൾ ഇതേ കാര്യം ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് മാറുന്നുവോ എന്നതാണ് ചോദ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയിൽ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 125,123 വ്യക്തികളെ ഉൾപ്പെടുത്തി ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ നടത്തിയിരുന്നു. കേരളത്തിൽ ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാലും യുഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിർത്തും എന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ അഭിപ്രായ സർവേ റിപ്പോർട്ട് വന്നിരുന്നു. 2024 തിരഞ്ഞെടുപ്പിലെ അതേ സീറ്റ് നില തന്നെയാണ് കേരളത്തിൽ അഭിപ്രായ സർവേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റിൽ 18 സീറ്റിലും യുഡിഎഫ് തന്നെയായിരിക്കും വിജയിക്കുക.
ബാക്കിയുള്ള ഓരോ സീറ്റിലും എൽഡിഎഫും എൻഡിഎയും വിജയിക്കും എന്നും സർവേ പറയുന്നു. അതേസമയം ബിജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ വർധനവാണ് സർവേ പ്രവചിക്കുന്നത്. പരമ്പരാഗതമായി ദ്വികക്ഷി രാഷ്ട്രീയം നിലനിൽക്കുന്ന കേരളത്തിൽ മൂന്നാം ബദലായി ബിജെപി ഉയർന്ന് വരികയാണ് എന്നാണ് അഭിപ്രായ സർവേയുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ വോട്ടുവിഹിതത്തിൽ ഇടിവ് ഉണ്ടാകും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 17 ശതമാനം വോട്ടായിരുന്നു. ഇത് ഏഴ് ശതമാനം വർധിച്ച് 24 ശതമാനത്തിലേക്ക് എത്തും. എൽഡിഎഫിന് 32 ശതമാനം വോട്ടായിരുന്നു ആറ് മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ലഭിച്ചത് എങ്കിൽ ഇത് രണ്ട് ശതമാനം കുറഞ്ഞ് 30 ശതമാനത്തിൽ എത്തും. യുഡിഎഫിന് ലഭിച്ച 43 ശതമാനം വോട്ട് ഒരു ശതമാനം കുറഞ്ഞ് 42 ശതമാനത്തിലും എത്തും. അതേസമയം ലോക്‌സഭയിലെ കണക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്നാണ് സർവേ വിശകലനം ചെയ്ത രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായ കോട്ടം സംഭവിക്കില്ല എന്ന് തന്നെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂവെന്ന് സെന്റർ ഫോർ പോളിസി റിസർച്ചിലെ രാഹുൽ വർമ്മ പറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം തങ്ങളുടെ സ്ഥാനം നിലനിർത്തിയപ്പോൾ. ലോക്സഭയിൽ കോൺഗ്രസ് പാർട്ടി താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ ഒരു ദേശീയ ഘടകമായി ജനങ്ങൾ കാണാത്തതുകൊണ്ടാണ് ഈ വിഭജനം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവചനമല്ല ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.