ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന ആര്യാടന്‍ ഷൗക്കത്തിനും വി എസ് ജോയ്ക്കുമാണ്. മുന്‍ എംഎല്‍എയായ പി വി അന്‍വറിന്റെ അഭിപ്രായവും പരിഗണിക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത് പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാണ്. പാര്‍ട്ടി യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. വോട്ട് ചേര്‍ക്കല്‍ സജീവമായി നടക്കുന്നുണ്ട്. പാലക്കാട് നടത്തിയത് പോലെ പരമാവധി പാര്‍ട്ടിക്ക് ലഭിക്കാവുന്ന മുഴുവന്‍ വോട്ടുകളും ഉറപ്പുവരുത്തണം എന്ന നിര്‍ദേശവും വോട്ട് ചേര്‍ത്തലിന് പിന്നിലുണ്ട്.

കെപിസിസി ഭാരവാഹികള്‍ക്ക് ചുമതലകള്‍ ഉടനെ നല്‍കും. ഒരു കെപിസിസി ജനറല്‍ സെക്രട്ടറിക്ക് മണ്ഡലത്തിന്റെ ചുമതല ഉടന്‍ നല്‍കും. 27ന് നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയാകും. അടുത്ത വര്‍ഷം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂരിലെ വിജയം യുഡിഎഫിന് നിര്‍ണായകമാണ്. എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
2021-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. നാലിൽ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എൽഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിർത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാൽ നിലമ്പൂരിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫിന്റെ പിന്തുണയോടെ അൻവറും അൻവറിന് മറുപടി കൊടുക്കാൻ എൽഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂർ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് അത്ര എളുപ്പമുളളതാകില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്.
ക്രസ്തവ വോട്ടുകളുടെ പിന്തുണ ഉറപ്പിക്കാൻ വി എസ് ജോയിയെ അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.. എന്നാൽ ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ പേരും ചർച്ചയിൽ സജീവമായി ഇടം പിടിക്കുകയാണ്. കൂടാതെ വയനാടിന്റെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി ആലിപ്പറ്റ ജമീലയുടെ പേരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയാണ് ജമീല. മാത്രമല്ല പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോൾ പ്രചരണ ചുമതല വഹിച്ചിരുന്നു. ഇതോടെ നിലമ്പൂരിന് അവകാശികളായി 3 പേരുടെ പേരുകളാണ് ഉയർന്നുവരുന്നത്. ജമീലക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരും സമ്മർദ്ദം തുടരുന്നതോടെ നേതൃത്വത്തിന്റെ ഇടപെടലിന് വേഗം കൂടണമെന്ന ആവശ്യവും ശക്തമാണ്.
മലയോര മേഖലയിലെ വന്യജീവി പ്രശ്‌നങ്ങൾ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ നിലമ്പൂർ സ്ഥാനാർഥിയാക്കണമെന്നാണ് അൻവർ പറഞ്ഞതെങ്കിലും ജോയിയെ നിർദ്ദേശിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാനുള്ള അൻവറിന്റെ നീക്കം ഉണ്ടെന്നത് വ്യക്തം. കെ സി വേണുഗോപാൽ, എ.പി അനിൽ കുമാർ തുടങ്ങിയ നേതാക്കളുടെ പിന്തുണ വി.എസ് ജോയിക്ക് ഉണ്ടെങ്കിലും ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻഗണന.

ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയതുകൊണ്ടുതന്നെ വിജയ സാധ്യതയെ സംബന്ധിച്ച് ആശങ്ക ഒരു വിഭാഗത്തിനുണ്ട്.. എന്നാൽ അതേസമയം ജമീലയെ പരിഗണിക്കണമെന്ന് പറയുന്നവർ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
1 മുസ്ലീം പ്രതിനിധ്യം മറ്റൊന്ന്
2 വനിതാ പ്രതിനിധ്യം
നിലവിൽ ഉമ തോമസ് മാത്രമാണ് കോൺഗ്രസിന്റെ പ്രതിനിധിയായി നിയമസഭയിൽ ഉള്ളത് .. കോൺഗ്രസിന്റെ ഒരു വനിത എംഎൽ എ കൂടി നിയമസഭയിൽ വന്നാൽ അത് വാരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണകരമാകും. മറ്റൊന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർത്തിക്കാണിക്കാൻ പറ്റുന്ന ഒരാൾ ആയി മാറും എന്നതും സവിശേഷതയാണ്..
നിലവിൽ ഷൗക്കത്തും ജോയിയും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്. രണ്ടിലൊരാളെ നിശ്ചയിച്ചാൽ മറുപക്ഷം അടിയൊഴുക്കിന് ശ്രമിക്കുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുവരുമുണ്ട്. അതുകൊണ്ടുതന്നെ സമവായമെന്ന നിലയിൽ ഒരു സർപ്രൈസ് സ്ഥാനാർഥി വന്നുകൂടായ്കയുമില്ല. മുപ്പത് വർഷത്തോളം കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് ആധിപത്യം സ്ഥാപിച്ച മണ്ഡലം. ആര്യാടൻ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് പി വി അൻവറിലൂടെയാണ്. 2016-ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെതിരെ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പി വി അൻവർ നിലമ്പൂർ മണ്ഡലം പിടിച്ചെടുത്തത്.
ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാറെടുത്തു കഴിഞ്ഞു. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകി വിജയിപ്പിക്കുന്ന സിപിഎം ഫോർമുല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. 2021-ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി വി പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അൻവർ ജയിച്ചത്.

അൻവറിലൂടെ വിജയിച്ച ഫോർമുലയിൽ അൻവറിലൂടെ തന്നെ കൈ പൊള്ളിയ പാർട്ടി ഇത്തവണ പാർട്ടി ചിഹ്നത്തിൽ നേരിട്ട് സ്ഥാനാർത്ഥിയെ നിർത്തുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക. അങ്ങനെയെങ്കിൽ നാട്ടുകാരൻ എന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന്റെ പേരാകും സിപിഎമ്മിൽ ആദ്യ പരിഗണനയായി വരുക. സ്വരാജ് മത്സരിച്ചാൽ വീറും വാശിയും കൂടും. മുതിർന്ന നേതാവിനെ തന്നെ നിർത്തി സീറ്റ് നിലനിർത്തി അൻവറിസം തകർക്കാനാണ് സിപിഎം ശ്രമിക്കുക.
അൻവറിന്റെ ക്രഡിറ്റല്ല ഇടതുവോട്ടാണ് തുണച്ചതെന്ന് ബോധ്യപ്പെടുത്താൻ സിപിഎമ്മിന് വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് കൈവിട്ടാൽ സിപിഎമ്മിന് അത് വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളിലേയും സാധ്യതയ്ക്ക് മങ്ങലേൽപിക്കും. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, എം സ്വരാജ്, സിപിഎം ജില്ലാ കമ്മറ്റി അംഗം വിഎം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നീ പേരുകളാണ് ചർച്ചകളിൽ കേൾക്കുന്നത്. ബിജെപി വലിയ പ്രതീക്ഷ വച്ചുപുലർത്താത്ത മണ്ഡലമാണെങ്കിലും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മത്സരമായതിനാൽ മുതിർന്ന നേതാക്കൾ ആരെങ്കിലും തന്നെ മത്സരിക്കാനും സാധ്യതയുണ്ട്.
യുഡിഎഫും എൽഡിഎഫും തമ്മിലാകും പ്രധാന മത്സരമെങ്കിലും ഫലം നിർണായകമാകുക അൻവറിനാകും. ജോയിയാണെങ്കിൽ അൻവർ വാശിയോടെ രംഗത്തുണ്ടാവും. ഷൗക്കാത്താണെങ്കിലും പിന്തുണക്കാതെ തരമില്ല. യുഡിഎഫ് തോറ്റാൽ മുന്നണിയിൽ കയറിപ്പറ്റുക അൻവറിന് ദുഷ്‌കരമാകുകയും ചെയ്യും. മറിച്ച് നിലമ്പൂർ ത്യജിക്കുകയും ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് തിരിച്ചുപിടിക്കുകയും ചെയ്താൽ അൻവറിന് യുഡിഎഫിലേക്കുള്ള കവാടം തുറക്കപ്പെടും.