വടകര: ബൈക്ക് മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരന് പരിക്കേറ്റ കേസിൽ ആർ.സി ഉടമയും ഇൻഷുറൻസ് കമ്പനിയും ചേർന്ന് നഷ്ടപരിഹാരം നൽകാൻ വിധി. മേപ്പയൂർ അസ്ഹർ പുതിയോട്ടിൽ ജെറീഷിന് (34) ബൈക്ക് മറിഞ്ഞ് പരിക്കേറ്റ കേസിലാണ് 12,75,700 രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചത്.
നഷ്ടപരിഹാര തുകയുടെ ഒമ്പതു ശതമാനം പലിശയും കോടതിച്ചെലവും സഹിതം ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയും ബൈക്ക് ഉടമയായ മേപ്പയൂർ കാഞ്ഞിരമുക്കിലെ കായത്തടത്തിൽ നൗഫലും ചേർന്ന് നൽകാനാണ് കോടതി ഉത്തരവിട്ടത്. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ (പില്യൻ റൈഡർ ഇൻഷുറൻസ്) ഇല്ലാത്തതിനാണ് ഇൻഷുറൻസ് കമ്പനിക്കൊപ്പം ആർ.സി ഉടമയും നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 2020 മേയ് 17നാണ് ബൈക്ക് മേപ്പയൂർ പെട്രോൾ പമ്പിനടുത്തുവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് ജെറീഷിന് പരിക്കേറ്റത്.#insurance