കളമശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പൊലീസ് അസമിൽ നിന്ന് പിടികൂടി.
അപ്പർ അസം ദിമാജി സ്വദേശി പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. മുമ്പ് അന്വേഷിച്ചുപോയ പൊലീസ് ടീമിന് ലോക്കൽ പൊലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ മാസം ഒമ്പതിനാണ് പ്രതിയെ തിരക്കി വീണ്ടും അസമിലേക്ക് തിരിച്ചത്.
പ്രതികൂല കാലാവസ്ഥയും തണുപ്പുംമൂലം ഏറെ വൈകിയാണ് സംഘത്തിന് സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞത്. അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ ഉടൻതന്നെ പ്രതിയെ വാഹനത്തിൽ കയറ്റി എട്ടുകിലോമീറ്റർ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ദിമാജി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ട്രാൻസിറ്റ് വാറന്റ് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.