കണ്ണൂർ: സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടന നടത്തിയ സമരത്തിനിടെ എം.വിജിൻ എംഎൽഎയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ടൗൺ എസ് ഐ ക്കെതിരെ വിജിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്.ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എം.എൽ.എ എസ്.ഐയോട് പറഞ്ഞു.
പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് പേര് ചോദിച്ചെന്ന് ആരോപിച്ച എം. വിജിൻ എം.എൽ.എ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും ചോദിച്ചു.
നഴ്സുമാർ കലക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പേര് ചോദിച്ചതും എം.എൽ.എയെ പ്രകോപിതനാക്കി.#police