തൃശൂർ: സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വെടിവച്ച കേസിൽ പ്രതിയായ ജഗന് ജാമ്യം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇയാൾ മാനസികപ്രശ്‌നം നേരിടുകയാണെന്നാണ് യുവാവിന്റെ കുടുംബം വ്യക്തമാക്കിയത്. ചികിത്സാ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പൂർവ്വ വിദ്യാർത്ഥിയായ ജഗൻ ഇവിടെ വെടിവച്ചത്. ആദ്യം സ്റ്റാഫ് മുറികളിൽ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്ലസ് ടു ക്ലാസുകളിൽ കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ രണ്ട് കൊല്ലം മുമ്പാണ് സ്‌കൂളിൽ പഠിച്ചത്. അന്ന് മുതൽ തന്നെ പ്രശ്നക്കാരനായിരുന്നെന്ന് അദ്ധ്യാപകർ പറയുന്നു.പഠിക്കുന്ന സമയത്ത് അദ്ധ്യാപകരെ അസഭ്യം പറഞ്ഞത് അടക്കമുള്ള സംഭവമുണ്ടായിട്ടുണ്ട്. തുടർന്ന് പരീക്ഷ പോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാൾ സ്‌കൂൾ വിട്ടതായും അദ്ധ്യാപകർ വ്യക്തമാക്കുന്നു. അദ്ധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ ക്ലാസിൽ കയറി വാതിലടച്ചു.എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മറ്റൊരു അദ്ധ്യാപകനെ ഇയാൾ അന്വേഷിച്ചു. ആ അദ്ധ്യാപകൻ ഏത് ക്ലാസിലാണെന്ന് ചോദിക്കുകയും ചെയ്തു.സംഭവം പ്രാങ്കാണെന്ന് തെറ്റിദ്ധരിച്ച വിദ്യാർത്ഥികൾ ഈ സമയത്ത് ചിരിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിർത്തെന്നാണ് അദ്ധ്യാപിക പറയുന്നത്. സംഭവത്തിന് ശേഷം കുട്ടികൾ എല്ലാവരും ഭയന്ന അവസ്ഥയിലായിരുന്നു. ഇയാൾ ഈ ക്ലാസിൽ നിന്ന് ഇറങ്ങിയതിന് ശേഷം മറ്റ് ക്ലാസുകളിലും കയറി വെടിവച്ചു.പിന്നീട് സ്‌കൂൾ ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു.