കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെട്ടപ്പോൾ ജീവിതത്തിൽ അമൃതയ്ക്ക് ലഭിച്ചത് നികത്താനാകാത്ത നഷ്ടം. ഒമാനിൽ ഐസിയുവിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പുറപ്പെട്ട തിരുവനന്തപുരം സ്വദേശി അമൃതയുടെ ശ്രമം വിഫലമായി. ഭർത്താവ് നമ്പി രാജേഷ് ഇന്നലെ ഒമാനിൽ മരിച്ചു. തൻറെ ദുരിതവും പ്രതിഷേധവും അന്ന് M5 ന്യൂസിലൂടെ അമൃത പങ്കുവച്ചിരുന്നു.
തന്റെ ഭർത്താവ് ഐസിയുവിലാണെന്നും തനിക്ക് എത്രയും വേഗം ഒമാനിൽ എത്തിയേ മതിയാകൂവെന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെട്ട ദിവസം അമൃത പറഞ്ഞിരുന്നു. എന്നാൽ അവസാനമായി ഭർത്താവിനെ ജീവനോടെ ഒരുനോക്ക് കാണാനുള്ള അമൃതയുടെ ശ്രമം വിഫലമായി. ഭർത്താവ് നമ്പി രാജേഷ് ഇന്നലെ ഒമാനിൽ മരിച്ചു.
കഴിഞ്ഞ ബുധനാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെട്ടപ്പോൾ ദുരിതത്തിലായ യാത്രക്കാരിൽ മറക്കാനാകാത്ത മുഖമാണ് തിരുവനന്തപുരം കരമന സ്വദേശി അമൃതയുടേത്. എയർ ഇന്ത്യ എക്സ്പ്രസിൻറെ നിരുത്തരവാദിത്വപരമായ നടപടി അമൃതയ്ക്ക് നൽകിയത് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്.
വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെട്ടപ്പോൾ അന്നവരുടെ പ്രതിഷേധം ഫലം കണ്ടിരുന്നു. അടുത്ത ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പകരം ടിക്കറ്റ് നൽകി. പക്ഷെ ആ വിമാനവും റദ്ദാക്കപ്പെട്ടു. യാത്ര പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ, അമൃതയെ തേടി ഇന്നലെയെത്തിയത് ഭർത്താവിന്റെ മരണവാർത്തയാണ്. തന്റെ ഭർത്താവിനെ അവസാനമായൊന്ന് കാണണം എന്ന ആഗ്രഹം ബാക്കിയായി.
മധുര സ്വദേശിയാണ് ഒമാനിലെ സ്കൂളിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന അമൃതയുടെ ഭർത്താവ് നമ്പി രാജേഷ്. രണ്ടാംവർഷ നഴ്സിങ് വിദ്യാർത്ഥിയാണ് അമൃത. ഇവർക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. ടിക്കറ്റിനായി നൽകിയ 38000 രൂപ ഉടൻ തിരിച്ചുനൽകിയിരുന്നെങ്കിൽ മറ്റൊരു എയർലൈനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാമായിരുന്നു. അതിനുള്ള അവസരം പോലും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയില്ല.