തൃശൂർ: മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35നായിരുന്നു അന്ത്യം. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎ ആയിരുന്നു.
1940 ഏപ്രിൽ 22ന് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. തൃശൂർ കേരള വർമ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേയ്‌ക്ക് ചുവടുവച്ചത്. 1967 മുതൽ 1970 വരെ സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991,1996, 2001 വർഷങ്ങളിൽ കൊടകര നിയോജന മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ കരുണാകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജി വച്ചു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.