കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഒരു മരണം. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തു വെച്ചാണ് സംഭവം. തോട്ടത്തിൽ കാപ്പിയുടെ വിളവെടുക്കാൻ പോയപ്പോളാണ് രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നത്. തോട്ടം വനത്തിനോട് ചേർന്നാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ കൂടിയാണ് കൊല്ലപ്പെട്ട രാധ.
സ്ഥലത്ത് നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്. പോലീസുമായി ഉന്തും തള്ളുമുണ്ടായി. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പ്രിയദർശിനി എസ്റ്റേറ്റിൽ തന്നെ വെച്ചിരിക്കുകയാണ്. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. കടുവയെ കൊല്ലണമെന്നുള്ള ഉത്തരവ് കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. സർക്കാർ ഒപ്പമുണ്ടെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിനുവേണ്ടി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടിയാലോചനയുടെ ഭാഗമായി ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. കടുവയെ വെടിവെക്കും, ആർ ആർ ടി ഉദ്യോഗസ്ഥരെ കാവലിനായി വനത്തിൽ വിന്യസിക്കും, കാടതിർത്തിയിൽ ഫെൻസിങ് കൂടുതൽ ഉറപ്പോടെ നടത്തും, കാടിന്റെ പലയിടത്തും കൂടുകൾ സ്ഥാപിക്കും, നഷ്ടപരിഹാരമായി 11 ലക്ഷം രൂപയും അതിൽ 5 ലക്ഷം രൂപ ഉടനെ തന്നെ കൈമാറുമെന്നും മന്ത്രി ഒ ആർ കേളു പ്രതിഷേധക്കാരോട് പറഞ്ഞു.