കൊച്ചി: തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കെ.കെ. ലെനിൻദാസിനെ ഹൈക്കോടതി കണ്ണൂർ അഡി. മുൻസിഫ് കോടതിയിലേക്ക് സ്ഥലംമാറ്റി. തിരൂർ കോടതിയിൽ കഴിഞ്ഞദിവസം ഒരു അഭിഭാഷകനെ കോടതി നടപടികൾക്കിടെ അറസ്റ്റുചെയ്യാൻ നിർദ്ദേശം നൽകിയെന്നാരോപിച്ച് മജിസ്ട്രേട്ടിനെതിരെ അഭിഭാഷകർ രംഗത്തുവന്നിരുന്നു. സംഭവത്തിൽ വിവിധ ബാർ അസോസിയേഷനുകൾ പ്രതിഷേധം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലെനിൻദാസിനെ മാറ്റിയത്. തൊഴിൽപരമായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്ഥലം മാറ്റുന്നുവെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ പറയുന്നത്. അതേസമയം തിരൂരിലെ സംഭവത്തിൽ ജില്ലാതലത്തിൽ അഭിഭാഷകർ ഇന്നലെ കോടതികൾ ബഹിഷ്കരിച്ചിരുന്നു. വേണ്ടത്ര പരിശീലനമില്ലാതെ താത്കാലിക മജിസ്ട്രേട്ടുമാരെ നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ജീവനക്കാരെ താത്കാലിക മജിസ്ട്രേട്ടുമാരായി നിയമിക്കുന്നത് നിറുത്തണമെന്നും എറണാകുളം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.