കാസർകോട്: വിനോദസഞ്ചാര മേഖലയില്‍ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങള്‍ കണ്ടെത്തി ടൂറിസം ഹബ് പദ്ധതി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത്. ഇതിനായി ടൂറിസം നിക്ഷേപ രംഗത്ത് താൽപര്യമുള്ളവരെ പങ്കെടുപ്പിച്ച് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.
കണിച്ചിറ, ഗുരുവനം, നീലേശ്വരം അഴിത്തല, വലിയപറമ്പ, കാവുഞ്ചിറ തുടങ്ങി വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിക്കാനായി കാത്തുകിടക്കുന്ന ജില്ലയിലെ പ്രദേശങ്ങള്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തും. തുടര്‍ന്ന് ഡി.പി.ആര് തയാറാക്കി ടൂറിസം നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കും. അന്തിമം ആക്കിയതിനുശേഷം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് പറഞ്ഞു.