തിരുവനന്തപുരം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പൊലീസും പാർട്ടിയും സർക്കാരും ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമർശനം. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.
സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
Read More:- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍