അനധികൃത കുടിയേറ്റം – ഞാൻ കണ്ടതും മനസ്സിലാക്കിയതും; വിനീത കൃഷ്ണൻ

അനധികൃത കുടിയേറ്റത്തെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകയായ വിനീത കൃഷ്ണൻ എഴുതിയ പോസ്റ്റ് ചർച്ചയാകുന്നു..

വിനീത കൃഷ്ണന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

അനധികൃത കുടിയേറ്റം – ഞാൻ കണ്ടതും മനസ്സിലാക്കിയതും.

കഴിഞ്ഞ ഓഗസ്റ്റിൽ യൂറോപ്യൻ യാത്ര കഴിഞ്ഞു ന്യൂയോർക്കിലെ കെന്നഡി എയർപോർട്ട്ൽ നിന്ന് ന്യൂജേഴ്സിയിലെ വീട്ടിലേക്ക് പോകാൻ ടാക്സിയിൽ കയറി. ചെറുപ്പക്കാരനായ ഇന്ത്യൻ വംശജനാണ് ഡ്രൈവർ. ഒരു അസ്വാഭാവികതയും തോന്നിയില്ല. എത്രയോ ഇന്ത്യക്കാർ ടാക്സി ഡ്രൈവർമാരായും ടാക്സി ബിസിനസ്സ് ഉടമകളായും ന്യൂയോർക്കിൽ ഉണ്ട്. പെട്ടന്ന് എത്താവുന്ന വഴി പോകാതെ മൻഹാട്ടൻ എക്സിറ്റ് എടുത്തപ്പോഴേ തോന്നി ഇയാൾക്ക് പരിചയക്കുറവുണ്ടെന്ന്. ഒരു മണിക്കൂർ കൊണ്ട് വീടെത്തുന്നതിനു പകരം മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്തു പോകുന്നതെന്താണെന്നു ചോദിച്ചപ്പോഴേ പുള്ളി പരിഭ്രാന്തനായി. ഇംഗ്ലീഷ് വളരെകുറിച്ചേ അറിയൂ, ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. എന്തൊക്കെയൊ ഒഴിവുകഴിവുകൾ പറഞ്ഞു കൊണ്ടേയിരുന്നു. വീടെത്തി ഞങ്ങൾ ഇറങ്ങിയപ്പോൾ പറഞ്ഞു 60 ലക്ഷം രൂപ ഇന്ത്യയിൽ നൽകി ഡങ്കിയാത്ര ചെയ്ത് അമേരിക്കയിൽ വന്നതാണ് എന്ന്. എനിക്ക് കാർയാത്ര തലകറക്കം ഉണ്ടാക്കിയത് കൊണ്ട് ഞങ്ങൾ പെട്ടന്ന് വീടിനകത്തു കയറി. അയാൾ തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ഞാൻ ആലോചിച്ചു, ഇത്രയും തുക നൽകി എന്തിനാണോ നിയമവിരുദ്ധമായി ഇങ്ങോട്ടു വന്നു അധികൃതരുടെ കണ്ണിൽപ്പെടാതെ റിസ്ക് എടുത്തു ജീവിക്കുന്നത് എന്ന്.
ഇപ്പൊൾ നാടുകടത്തപ്പെട്ട ഒരു ഗുജറാത്തി കുടുംബം പറഞ്ഞത് ഒരു കോടി രൂപയാണ് ചിലവാക്കിയതെന്ന്. മിലിറ്ററി വിമാനത്തിൽ എങ്ങനെ തിരിച്ചയച്ചു, അപമാനത്തിനു ഉത്തരവാദി ആരാണ് എന്നിങ്ങനെയുള്ള ചർച്ചകൾ മാത്രമാണ് മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞത്. എത്രയോ വർഷങ്ങളായി കൂറ്റൻ തുക വാങ്ങി മനുഷ്യക്കടത്തു നടത്തുന്ന ഇന്ത്യയിലെ വ്യക്തികളെയും ഏജന്റുമാരെയും കുറിച്ചും മെക്സിക്കോയിലും മറ്റുമുള്ള അധോലോക സംഘങ്ങളുമായി ഇവർ എങ്ങനെയാണു ബന്ധപ്പെടുന്നത് എന്നതിനെപ്പറ്റിയും ചർച്ചകൾ നടത്തിയിട്ടുണ്ടോ എന്നറിയില്ല, അതുണ്ടാവേണ്ടതാണ്. ഉള്ളത് മുഴുവൻ തട്ടിപ്പുകാർക്ക് കൊടുത്തു ഡങ്കിയാത്രയ്ക്കൊരുങ്ങുന്ന പലരും എത്രമാത്രം അപടകരമാണിത് എന്നറിയാത്തവരായിരിക്കും. അവർക്കുള്ള ബോധവത്കരണവും അതാവശ്യമാണ്. വടക്കേ ഇന്ത്യയിൽ നിന്നുള്ളവരാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. എന്നാൽ സ്റ്റേജ് പരിപാടികൾക്കായി കേരളത്തിൽ നിന്ന് വന്ന ചില മലയാളി ആർട്ടിസ്റ്റുകൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ ഇവിടെ നിയമവിരുദ്ധമായി തുടരുന്നതായി കേട്ടിട്ടുണ്ട്, നേരിട്ടറിവില്ല.
ബൈഡൻ സർക്കാരിന്റെ കാലത്തു അനധികൃത കുടിയേറ്റം വൻതോതിൽ വർധിച്ചിരുന്നു. ഇവരെ കൂട്ടത്തോടെ നാടുകത്തുമെന്നും അമേരിക്കൻ അതിർത്തികൾ അടയ്ക്കുമെന്നും മുഖ്യ തിരെഞ്ഞെടുപ്പ് വിഷയമായി പറഞ്ഞു തന്നെയാണ് ഡോണൾഡ്‌ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയത്. തന്റെ എട്ടു വർഷത്തെ ഭരണകാലയളവിൽ ബറാക്ക് ഒബാമ 5.3 മില്യൺ അനധികൃത കുടിയേറ്റക്കാരെ നാടുകത്തിയിട്ടുണ്ട്. ബൈഡനും നാടുകടത്തൽ തുടർന്നെങ്കിലും മിലിറ്ററി വിമാനങ്ങൾ ഉപയോഗിച്ചിരുന്നില്ല.
എല്ലാ കാര്യങ്ങളിലും തീവ്രനിലപാടുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ട്രംപിന് യുദ്ധവിമാനങ്ങളിൽ വിലങ്ങുകളാൽ ബന്ധിപ്പിക്കപ്പെട്ട മനുഷ്യർ കയറ്റിഅയക്കപെടുമ്പോൾ ഉണ്ടാകുന്ന ജനശ്രദ്ധയെക്കുറിച്ചു ബോധ്യമുണ്ട്. സാധാരണ വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുന്ന വിലയാണ് മിലിറ്ററി വിമാനത്തിൽ ഒരാളെ കയറ്റിവിടാനുള്ള ചിലവ്. സർക്കാരിന്റെ അധികചിലവുകൾ വെട്ടിക്കുറയ്ക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈലോൺ മസ്‌ക് ഒരക്ഷരം മിണ്ടിയിട്ടില്ല. എന്തായാലും നിയമവിരുദ്ധമായി ഇവിടെ ജീവിക്കുന്ന ഏഴു ലക്ഷത്തിലധികം ഇന്ത്യക്കാരിൽ എത്ര പേർ ഇത്തരത്തിൽ യുദ്ധവിമാനങ്ങളിൽ കയറ്റിഅയക്കപെടും, തിരികെകൊണ്ടു വരാൻ ഇന്ത്യൻ സർക്കാരിന് വിമാനങ്ങൾ അയക്കാനാകുമോ എന്നീ കാര്യങ്ങളിൽ വ്യക്തതയില്ല.
നിയമപരമായി പണിയെടുത്തു നികുതികൾ അടച്ചു ജീവിക്കുന്ന ഇന്ത്യക്കാരുൾപ്പടെയുള്ള അമേരിക്കൻ സമൂഹം അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവരല്ല. അതുകൊണ്ടു തന്നെയാണ് ബൈഡൻ സർക്കാരിന്റെ ഇക്കാര്യത്തിലുള്ള വീഴ്ചകൾ ട്രംപിന് തുണയായത്. തൊഴിൽ വിസയിലുള്ള ഏകദേശം 18 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാർഡിന് വേണ്ടി കാത്തുനില്‍ക്കുന്നത്. നിലവിലെ നിയമങ്ങൾ മാറാതെ പലർക്കും നീണ്ട വർഷങ്ങൾ കാത്തിരിപ്പ് തുടരേണ്ടി വരും. ഇമ്മിഗ്രേഷൻ സിസ്റ്റം തകർന്നു കിടക്കുന്നേയെന്നു നിലവിളിക്കുകയല്ലാതെ കാതലായ മാറ്റങ്ങൾ കൊണ്ട് വരുന്നതിൽ ഇരുപാർട്ടികളിലെ നേതാക്കളും മാറിവന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടിരിക്കുന്നു.
അനധികൃത കുടിയേറ്റത്തിന്റെ വിശദശാംശങ്ങളുമായി സിറ്റിസൺ ജേണലിസ്റ്റുകൾ ചെയ്ത വീഡിയോകൾ കണ്ടാൽ ഞെട്ടലും ഭീതിയുമുണ്ടാകും. സ്വന്തം രാജ്യത്ത് അരക്ഷിതാവസ്ഥയുള്ള, വേട്ടയാടലുകള്‍ നേരിടുന്ന, സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന നിക്കരാഗ്വ, ഹോണ്ടുറസ്, ഹെയ്തി, വെനസ്വേല എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ നിന്നാണ് ആളുകളെത്തുന്നത്. ബലാത്സംഗവും മറ്റു ഗാങ് വയലൻസും അതിജീവിച്ചു ഒരു മകളെ നഷ്ടപ്പെട്ടു മറ്റൊരു പിഞ്ചു കുഞ്ഞിനെ കയ്യിലെടുത്തു വരുന്ന ഒരമ്മയെ കണ്ടു കണ്ണ് നിറഞ്ഞു. മറ്റു രാജ്യങ്ങളിലൂടെയുള്ള അതീവദുർഘടമായ യാത്രക്ക് ശേഷം അമേരിക്കൻ അതിർത്തി കടന്ന് അധികൃതര്‍ക്ക് മുന്‍പാകെ കീഴടങ്ങി, തങ്ങളെ അഭയാര്‍ഥികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാറാണ് വരുന്നവരുടെ പതിവ്. വരുന്ന ആളുകൾക്ക് പാർപ്പിടവും ഭക്ഷണവും മറ്റു സൗകര്യങ്ങളും അമേരിക്കൻ നികുതിദായകരുടെ ചിലവിൽ നൽകേണ്ടി വരുന്നു. അഭയാര്‍ത്ഥി പരിരക്ഷ അപേക്ഷിക്കുന്നവർ അതിനർഹരാണോ എന്നൊക്കെയുള്ള തീര്‍പ്പുകളിലെത്തേണ്ട കേസുകള്‍ ഒരുപാട് കെട്ടിക്കിടക്കുയാണ്. ഈ പശ്ചാത്തലത്തിൽ ആളുകളുടെ ഒഴുക്ക് വീണ്ടും കൂടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. സ്വന്തം നാട്ടിൽ ഒരുവിധത്തിലും ജീവിക്കാൻ കഴിയാത്തവർക്ക് അഭയം നൽകുക മനുഷ്യത്വമാണ്. അഭയാർഥികളായി വന്നവരുടെ മക്കൾ വലിയ ടെക്നോളജി കമ്പനികളുടെ സ്ഥാപകരാകുന്നതും ഒളിമ്പിക് മെഡൽ ജേതാക്കളാകുന്നതുമൊക്കെ അമേരിക്കയ്ക്ക് അഭിമാനമാണല്ലോ. എന്നാൽ അനധികൃത കുടിയേറ്റത്തിലൂടെ ക്രിമിനൽ സംഘങ്ങൾ രാജ്യത്തു കയറി അക്രമങ്ങളിൽ ഏർപ്പെടുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. എന്റെ ഒരു സുഹൃത്ത് വിർജീനിയലിലെ സ്കൂൾ അദ്ധ്യാപിക, അവരുടെ സ്കൂളിലെ ഒരു ആറാം ക്ലാസ്സുകാരൻ ഇത്തരത്തിൽ ഓർഗനൈസ്ഡ് ക്രൈമിന്റെ ഭാഗമായത് പറഞ്ഞിരുന്നു. ഞാൻ കണ്ട ഒരു വീഡിയോയിൽ ചൈനയിൽ നിന്ന് അനധികൃതമായി കടന്നു വരുന്നവരെ കണ്ടു ആശ്ചര്യപ്പെട്ടു. വിലയേറിയ ഹാൻഡ് ബാഗുകളും പെട്ടികളും വേഷവിധാനങ്ങളുമായി ഒരു സംഘം കുടുംബമായി വേലി കടന്നു വരുന്നു. ഇത്രയും സാമ്പത്തിക സ്ഥിതിയുള്ളവർ എന്തിനാണ് ഈ രീതിയിൽ വരുന്നത്! ചുരുക്കത്തിൽ അനധികൃത കുടിയേറ്റം സങ്കീർണമായ ഒരു വ്യവസ്ഥയാണ്. അതിൽ ഇന്ത്യക്കാർ പെടുന്നതിൽ വേദനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇംഗ്ലീഷ് പരിജ്ഞാനമല്ല രാഷ്ട്രീയ യോഗ്യത: തരൂരിനെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ.

ശശി തരൂർ എം പി യെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുതിർന്ന...

ഏഴ് വർഷത്തിന് ശേഷം തമ്മിൽ കണ്ടത് ആശുപത്രി മുറിയിൽ വെച്ച്…നെഞ്ചുലഞ്ഞ് റഹീം…

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45ഓട്...

വിദ്വേഷ പരാമർശ കേസ്: പി സി ജോർജ്ജിന് ജാമ്യം

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി സി ജോർജ്ജിന്...

അച്ഛൻ സുഖമായിരിക്കുന്നു. യേശുദാസിന്റെ അസുഖ വാർത്തയിൽ പ്രതികരിച്ച് വിജയ് യേശുദാസ്.

പ്രശസ്ത ഗായകൻ കെ ജെ യേശുദാസ് രക്ത സമ്മർദത്തെ തുടർന്ന് ചെന്നൈയിലെ...