തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായതിനാല്‍ ഇത്തവണ പ്രത്യേകം ആഘോഷങ്ങളില്ല. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലാണ് വി.എസ് വിശ്രമ ജീവിതം നയിക്കുന്നത്. ജന്മദിനത്തില്‍ പതിവുപോലെ പായസം വയ്ക്കും. കേക്ക് മുറിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വി.എസിന്റെ മുന്‍ പ്രസ് സെക്രട്ടറിയുമായ കെ.വി സുധാകരന്‍ രചിച്ച പുസ്തകം ‘ഒരുസമര നൂറ്റാണ്ട് ‘ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മന്ത്രിമാരും സി.പി.എം നേതാക്കളും പങ്കെടുക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കത്തിലെ മുന്നണിപ്പോരാളിയായിരുന്നു വി.എസ്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം സംഭവ ബഹുലമായ നിമിഷങ്ങളില്‍ കൂടിയായിരുന്നു കടന്നുപോയത്. 1964ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വി.എസാണ്. മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യയാണ്. അനുഭവങ്ങളുടെ കരുത്തില്‍ വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അടയാളം കൂടി സൃഷ്ടിക്കപ്പെടുകയാണ്. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 2019ഒക്ടോബര്‍ 24ന് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലേക്കും പൂര്‍ണവിശ്രമത്തിലേക്കും മാറി. കൈയുടെ ചലനശേഷിയെ ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. വാര്‍ധക്യത്തിന്റെ അവശതകളിലും പത്രങ്ങള്‍ വായിച്ചുകേട്ടും ചാനലുകള്‍ കണ്ടും വാര്‍ത്തകളെല്ലാം അദ്ദേഹം അറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇടുക്കിയിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ വി.എസ് സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദൗത്യം സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിയാണ്. അന്ന് ആ ദൗത്യം അട്ടിമറിച്ചത് സി.പി.ഐ നേതൃത്വവും സി.പി.എമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ.സുരേഷ് കുമാര്‍ തന്നെ വെളിപ്പെടുത്തി. സി.പി.ഐയില്‍ നിന്നാണ് വി.എസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.