മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരു പതിറ്റാണ്ട് നീണ്ട രോഹിത് ശർമ യുഗത്തിന് അന്ത്യം കുറിക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ് . മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റത്തിനു വഴിതെളിച്ച് രോഹിത് ശർമ ക്യാപ്റ്റൻസിയിൽനിന്ന് പടിയിറങ്ങിയപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹർദിക് പാണ്ഡ്യയാണ് പുതിയ നായകനായി അവരോധിക്കപ്പെട്ടത്. ഏറെ വൈകാരികമായാണ് ഈ തീരുമാനത്തോട് മുംബൈ ആരാധകര്‍ പ്രതികരിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിനു ഫോളോവർമാരാണ് മുംബൈയെ അണ്‍ ഫോളോ ചെയ്ത് പോയത്.
ഇപ്പോഴിതാ രോഹിതിനെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു. ക്യാപ്റ്റന്‍സിയില്‍ ഏത് ടീമില്‍ വേണമെങ്കിലും മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന താരമാണ് രോഹിതെന്ന് റായിഡു പറഞ്ഞു.
രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത് കടുത്ത തീരുമാനമായിരുന്നുവെന്ന് ടീമിന്റെ ഗ്ലോബല്‍ ഹെഡ് മഹേല ജയവർധനെ നേരത്തേ പ്രതികരിച്ചിരുന്നു. ആരാധകരെപ്പോലെ തങ്ങള്‍ക്കും ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു രോഹിതിന്റെ മാറ്റമെന്നും എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നുമാണ് മഹേല പറഞ്ഞത്.