ബംഗളൂരു: ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്വാനിക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാർ തീരുമാനത്തെ എതിർക്കാനില്ല. അദ്വാനിക്ക് ഭാരതരത്ന കൊടുക്കുകയാണെങ്കിൽ കൊടുക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമക്കുരു സിദ്ധഗംഗ സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എൽ.കെ അദ്വാനിയുടെ ഭാരതരത്നക്കെതിരെ ബി.ആർ.എസ് എം.എൽ.സി കവിത രംഗത്തെത്തിയിരുന്നു. അദ്വാനിയെ അഭിനന്ദിച്ച കവിത രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം അദ്ദേഹത്തിന് നൽകിയതിലൂടെ ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നും വിമർശിച്ചു. രാമക്ഷേത്രം ബി.ജെ.പി യാഥാർഥ്യമാക്കി. ഇതിന് പിന്നാലെ അദ്വാനിക്ക് ഭാരതരത്നയും നൽകി ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നായിരുന്നു കവിതയുടെ പ്രസ്താവന.