കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് വെറുതേയല്ല. സംഘപരിവാറിന് കൂടി വേണ്ടപ്പെട്ട ആഗ്ര സ്വദേശി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനാകുന്നത് അവരുടെ അജൻഡ നടപ്പാക്കാൻ കയ്യും മെയ്യും മറന്ന് പിന്തുണ നൽകിയതുക്കൊണ്ടാണ്.
രാജീവ് കുമാറിന്റെ പിൻഗാമിയായി 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായാണ് അദ്ദേഹം അധികാരമേൽക്കുന്നത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
2023ലെ നിയമമനുസരിച്ച് രൂപവത്കരിച്ച സെലക്ഷൻ സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും (സി.ഇ.സി) തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിച്ചതിനെതിരായ ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.

ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കവെ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള രാമക്ഷേത്ര ട്രസ്റ്റിന്റെ രൂപവത്കരണത്തിലും ഗ്യാനേഷ് കുമാർ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 31ന് സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ച ഗ്യാനേഷ് കുമാർ മാർച്ചിലാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായത്. കമീഷണറായ സുഖ്ബീർ സിങ്ങും ഇതേ ദിവസമാണ് നിയമിതനായത്. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിനുള്ള പുതിയ നിയമം നിലവിൽ വന്നശേഷം ആദ്യമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനാകുന്ന വ്യക്തിയാണ് ഗ്യാനേഷ് കുമാർ. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിന്റെ കാലാവധി.
1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫിസറായ ഗ്യാനേഷ് കുമാർ ഐ.ഐ.ടി കാൺപൂരിൽനിന്നാണ് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയത്. എറണാകുളം അസി. കലക്ടർ, അടൂർ സബ് കലക്ടർ, പട്ടികജാതി, പട്ടിക വർഗങ്ങൾക്കുവേണ്ടിയുള്ള കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, കൊച്ചിൻ കോർപറേഷൻ കമീഷണർ എന്നീ പദവികളും വഹിച്ചു.കേരള സർക്കാറിൽ സെക്രട്ടറിയെന്ന നിലയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചശേഷമാണ് കേന്ദ്രത്തിലേക്ക് മാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ ജോ. സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോ. സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, പാർലമെന്ററികാര്യ മന്ത്രാലയം, സഹകരണ മന്ത്രാലയം എന്നിവയിൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. രാമജന്മഭൂമി-ബാബാറി മസ്ജിദ് വിഷയത്തിൽ ബി.ജെ.പി-സംഘപരിവാർ സംഘടനകളുടെ ഇംഗിതമറിഞ്ഞ് പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തെ നിരവധി നിർണായക കാര്യങ്ങൾക്കാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്യാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു.. മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്ന ബിൽ തയാറാക്കുന്നതിൽ നിർണായക പങ്ക് അദ്ദേഹം വഹിക്കുന്നത്. ഇതോടെ സംഘപരിവാറിന് കൂടി പ്രിയപ്പെട്ടവനായി അദ്ദേഹം മാറി.
പദവികളിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ നിയമിക്കുകയും ചെയ്തു. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിന്റെ കാലാവധി അവസാനിക്കുമ്പോൾ ഗ്യനേഷ് കുമാറിന് തന്നെ ഇതേ സ്ഥാനത്തേക്ക് നറുക്ക് വീണതില അദ്ഭുതവുമില്ല. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പിന് വിലകൽപ്പിക്കാതെ കേന്ദ്രം അദ്ദേഹത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ നിയമിച്ചതിന് പിന്നിലും പ്രത്യേക ചില താൽപര്യങ്ങളാണെന്നും ആരോപണമുയർന്നതും ഇതുകൊണ്ടാണ്..
സാധാരണ നിലയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് തത്സ്ഥാനത്തേക്ക് നിയമിക്കുന്നത്. എന്നാൽ 2023 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമപ്രകാരം, സെർച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ പേര് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയുമാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
മുൻപ് ഈ പാനലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗമായിരുന്നു. എന്നാൽ ചീഫ് ജസ്റ്റിനെ മാറ്റി കാബിനറ്റ് മന്ത്രിയെ സമിതിയിൽ അംഗമാക്കിയ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നാണ് ഹർജിയിൽ ഇനി സുപ്രീം കോടതി വാദം കേൾക്കേണ്ടത്. അതേസമയം കോടതിയുടെ പരിധിയിലിരിക്കുന്ന വിഷയത്തിൽ ധൃതി കാട്ടേണ്ടതില്ലെന്നും ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് വിഷയത്തിൽ കോൺഗ്രസ് നിലപാട്. വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്ന വിഷയത്തിൽ എന്തിനാണ് തിടുക്കപ്പെട്ട് നിയമനം നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി ജെ പിയുമായും ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന ആക്ഷേപവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എഡിആർ) എന്ന സംഘടനാണ് ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ കമ്മിറ്റിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ നേരത്തെതന്നെ സുപ്രീം കോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിനു പകരം കാബിനറ്റ് മന്ത്രിയെ സിലക്‌ഷൻ കമ്മിറ്റിയിൽ നിയമിച്ചതും വിവാദമായിരുന്നു.കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. ഹർജി പരിഗണിക്കുന്നതിനു മുന്നോടിയായാണ് തിടുക്കപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷിനെ നിയമിച്ചതെന്ന ഹർജി സുപ്രീം കോടതിയിൽ എത്തിയത്. ഈ നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു എഡിആർ അഭിഭാഷകർ കോടതിയിൽ വാദിച്ചു.സിലക്‌ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. വിഷയത്തിൽ കോടതി തീരുമാനം വരുന്നതുവരെ നിയമനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിയോജനക്കുറിപ്പ് നൽകിയെങ്കിലും പരിഗണിച്ചില്ല.
രാജ്യത്തെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയിൽ ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും 2026ൽ നടക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മേൽനോട്ടം വഹിക്കുക ഗ്യാനേഷ് കുമാറായിരിക്കും.