കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്. വാളയാർ വാദ്യർ ചള്ള മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്തു എത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വാളയാർ സ്വദേശിയായ വിജയൻ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വിജയനെ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാന നാട്ടിലിറങ്ങിയ സംഭവം അറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിജയന് അപകടം സംഭവിക്കുന്നത്. കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റിട്ടുള്ളത്.