കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം പാർലമെന്‍ററി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി ഇതര പാർട്ടികൾ ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്തുതോൽപിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഹിന്ദുത്വ രാഷ്ട്രമാണ് സംഘ്പരിവാർ അജണ്ടയുടെ പിന്നിൽ. സാംസ്കാരികമായും മതപരമായും ഭാഷാപരമായും വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തെ ഏകശിലാത്മക രൂപത്തിലേക്ക് പരിവർത്തിപ്പിക്കനുള്ള ആർ.എസ്.എസിന്റെ ദീർഘകാല സ്വപ്നമാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനകം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഫെഡറൽ വ്യവസ്ഥയാണ് ഇതോടെ അപകടകരമാം വിധം അട്ടിമറിക്കപ്പെടാൻ പോകുന്നത്. ഒറ്റ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ 18 ഭരണഘടനാ ഭേദഗതികൾ അനിവാര്യമായിവരും എന്നതിനാൽ രാഷ്ട്രശിൽപികൾ വിഭാവനം ചെയ്ത ഒരു വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കാനാണ് പദ്ധതിയെന്ന് പാർട്ടി പ്രമേയത്തിൽ പറഞ്ഞു.