സ്‌ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്‌ദാനംചെയ്‌ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണൻ വളർന്നത് രാഷ്ട്രീയ ബന്ധങ്ങളുടെ തണലിലാണ്.. അനന്തുകൃഷ്‌ണനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനും നേതൃത്വം നൽകുന്ന സന്നദ്ധസംഘടനകൾ ചേർന്നാണ് പകുതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങൾ സ്‌ത്രീകൾക്ക് നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
അനന്തുകൃഷ്‌ണൻ കോ–-ഓർഡിനേറ്ററായ നാഷണൽ എൻജിയോസ് കോൺഫെഡറേഷനും എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ അഥവാ സൈൻ എന്ന സംഘടനയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സൈൻ നേതൃത്വത്തിൽ ഒറ്റയ്‌ക്കും രാധാകൃഷ്‌ണൻ വാഹനവിതരണം നടത്തി. കരുമാല്ലൂരിൽ അനന്തുകൃഷ്‌ണൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടകൻ ഹൈബി ഈഡൻ എംപിയായിരുന്നു. എൻജിയോസ് കോൺഫെഡറേഷൻ വരാപ്പുഴയിൽ സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്‌തത് വി ഡി സതീശനാണ്. കൂനമ്മാവിൽ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്‌ഘാടനം ചെയ്‌തത് റോജി എം ജോൺ എംഎൽഎയും. അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായപ്പോൾ കെപിസിസി അംഗം ലാലി വിൻസെന്റ് മൂവാറ്റുപുഴ സ്‌റ്റേഷനിൽ എത്തിയിരുന്നു.
എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലർത്താനും പൊതു സമൂഹത്തിനു മുന്നിൽ ഈ അടുപ്പം ‘പ്രദർശിപ്പിക്കാനും’ പാതിവില തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണൻ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. എല്ലാ നേതാക്കളുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുകയും ചെയ്തു.
ഓരോ സ്ഥലത്തും പുതിയ സീഡ് സൊസൈറ്റികൾ ഉദ്ഘാടനം ചെയ്തിരുന്നതും ഇരുചക്ര വാഹനങ്ങൾ കൈമാറിയിരുന്നതും അതതു സ്ഥലങ്ങളിലെ നേതാക്കളെ കൊണ്ടാണ്. ഈ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്ററുകളായും പ്രചരിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾ ലഭിക്കാതായതോടെ പരാതി വരാതെ നോക്കാൻ അനന്തു രാഷ്ട്രീയ നേതാക്കളെ ഇടപെടുത്തി. വഞ്ചിതരായ പല നിക്ഷേപകരും ഈ പരാതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ചു മനസ്സറിവില്ലാതെ അനന്തുവിനെ സഹായിച്ചവരെയും തട്ടിപ്പിൽ പങ്കാളികളായ രാഷ്ട്രീയ നേതാക്കളെയും വേർതിരിച്ചു കണ്ടെത്താനാണു പൊലീസിപ്പോൾ ശ്രമിക്കുന്നത്.
എറണാകുളത്തെ ഫ്ലാറ്റിൽ നിന്നു കടത്തിയ രേഖകൾ രഹസ്യ കേന്ദ്രത്തിൽ നിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അനന്തു കൃഷ്ണന്റെ കാറും മറ്റു രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു യുവതിയുടെ നേതൃത്വത്തിൽ ചാക്കിലാണ് രേഖകൾ കടത്തിയത്.
ഇരുചക്രവാഹനങ്ങൾക്കു പുറമേ ലാപ്ടോപ്, തയ്യൽ മെഷിൻ, മൊബൈൽ ഫോൺ, വാട്ടർ പ്യൂരിഫയർ, ജൈവവളം, സ്കൂൾ കിറ്റുകൾ തുടങ്ങിയവയും നൽകാനുളള പദ്ധതിയാണു പ്രഖ്യാപിച്ചിരുന്നത്. ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി, വളപട്ടണം, ചക്കരക്കൽ, മയ്യിൽ, പയ്യാവൂർ, ശ്രീകണ്ഠപുരം, ഇരിക്കൂർ, പെരിങ്ങോം സ്റ്റേഷനുകളിലാണ്.
4 ദിവസമായി എത്തുന്ന പരാതിക്കാരിൽ കൂടുതൽ സ്ത്രീകളാണ്. ഇരുചക്ര വാഹനം വാങ്ങാൻ 60,000 രൂപയാണു മിക്കവരും നൽകിയത്. ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാൻ 85,000 രൂപ നൽകിയവരുമുണ്ട്. കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് പറഞ്ഞു.
അനന്തു കൃഷ്ണൻ നടത്തിയ പാതിവില തട്ടിപ്പ് 1000 കോടി കടക്കുമെന്ന് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി. ഇതിൽ അവശേഷിക്കുന്നതു 3 കോടി രൂപ മാത്രമാണ്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ റജിസ്ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂർ നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽനിന്ന് ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ കുറെപ്പേർക്കു സാധനങ്ങൾ നൽകി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായത്. 2000 പരാതികൾ. ഇടുക്കിയിൽ 350 പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 8 കേസുകൾ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് നിഗമനം. പാലക്കാട്ടും 11 പരാതികൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 5564 പേരും എറണാകുളം പറവൂരിൽ 2000 പേരും ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുകയാണ്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. പരാതികൾ ശക്തമായതോടെ അറസ്റ്റ് പ്രതീക്ഷിച്ച അനന്തു കൃഷ്ണൻ സ്വന്തം രൂപമടക്കം മാറ്റിയിരുന്നു. തല മൊട്ടയടിച്ചു. മീശ വടിച്ചു. പൊലീസ് സ്റ്റേഷനിൽ പ്രതിയെ നേരിൽ കണ്ട പ്രമോട്ടർമാർക്കു പോലും എളുപ്പം തിരിച്ചറിയാൻ കഴിഞ്ഞില്ല…അനന്തു കൃഷ്ണന്റെ ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇന്നു തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും. അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.