ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന് ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരും. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. കോ-ഓപ്പറേഷന് വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988-ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്മാന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.