ലഖാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടാരത്തിൽ താമസിക്കുന്ന ചക്രവർത്തിയാണെന്നും അദ്ദേഹത്തിന് പൊതുജനങ്ങളുമായി ബന്ധമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ യുവരാജാവെന്ന് കഴിഞ്ഞ ദിവസം മോദി വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഗുജറാത്തിലെ ലഖാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ മറുപടി.
‘അദ്ദേഹം എന്റെ സഹോദരനെ യുവരാജാവ് എന്നാണ് വിളിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ 4000 കിലോമീറ്റർ ഈ യുവരാജാവ് നടന്നുവെന്ന് അദ്ദേഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും കർഷകരെയും തൊഴിലാളികളെയും കണ്ട് അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.