പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച നിർഭയ് ബാനോ റാലിയിൽ പങ്കെടുക്കാൻ കാറിൽ പോകവെയായിരുന്നു ആക്രമണം. കാറിന് നേരെ മഷി എറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു.
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിന് പിന്നാലെയാണ് വാഗ്ലെ സാമൂഹിക മാധ്യമമായ എക്‌സിൽ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. ‘അദ്വാനിക്കുള്ള ഭാരതരത്‌ന എന്നാൽ ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന അഭിനന്ദനം’ എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.തുടർന്ന് ബി.ജെ.പി നേതാവ് സുനിൽ ദിയോധറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ പൂനെയിൽ കേസ് രജിസ്റ്റർ ചെയ്തു. അപകീർത്തിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.