പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതി നൽകി കോൺഗ്രസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രമേഷ് വെർമ മുമ്പാകെയാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് പേജുള്ള പരാതി സമർപ്പിച്ചത്. കൂടാതെ, നിരവധി ബിജെപി നേതാക്കൾക്കുമെതിരെ പാർട്ടി പരാതി നൽകിയിട്ടുണ്ട്.ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഫെർണാണ്ടസ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് വ്യാജ പ്രചാരണം. ഈ ഭാഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പരാതിയിലുണ്ട്.മുൻ സൈനികനായ ഫെർണാണ്ടസ് കാർഗിൽ യുദ്ധത്തിൽ ഉൾപ്പടെ പങ്കെടുത്തയാളാണ്. ഭരണഘടനയ്ക്ക് വലിയ ബഹുമാനം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ, ഭരണഘടനയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രിയടക്കം ചെയ്തതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് മോദിയിൽ നിന്നും ഉണ്ടായതെന്നും ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.