ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ ഗ്രൂപ്പുകൾ. ഉടൻ നടക്കാൻപോകുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ സംഘടനാ സെക്രട്ടറിയുടെ നിലപാട് നിർണായകമാണെന്നതാണ് കാരണം. സമവായത്തിലൂടെയാണ് സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതെങ്കിൽ സംഘടനാ സെക്രട്ടറിയുടെ അഭിപ്രായം പ്രധാനമാണ്. സംഘടനാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന മുതിർന്ന പ്രചാരകൻ കെ.സുഭാഷിനെ കഴിഞ്ഞദിവസം ആർ.എസ്.എസ്. പിൻവലിച്ചിരുന്നു.
ഇതാണ് പരിവാർ വൃത്തങ്ങളിലെ ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം. കെ.സുരേന്ദ്രനുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന സുഭാഷ്, തന്നെ ഒഴിവാക്കണമെന്ന് ആർ.എസ്.എസ്. നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.ആർ.എസ്.എസിൽനിന്ന് ഇനി പ്രചാരകന്മാരെ ബി.ജെ.പി.യിലേക്ക് നിയോഗിക്കില്ലെന്നാണ് പൊതുവേ കേൾക്കുന്നത്. എന്നാൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന പ്രചാരകൻ എ.ജയകുമാറിനെ ബി.ജെ.പി.യിലേക്ക് കൊണ്ടുവന്നേക്കുമെന്ന് ഒരുവിഭാഗം കരുതുന്നു.
കേരളത്തിന് പുറത്തുനിന്ന് ഒരു സംഘടനാ സെക്രട്ടറി വരാനുള്ള സാധ്യതയും നേതാക്കൾ തള്ളുന്നില്ല. എ.ബി.വി.പി. മുൻ സോണൽ സംഘടനാ സെക്രട്ടറിയും ആർ.എസ്.എസ്. പ്രചാരകനുമായ കർണാടക സ്വദേശി കെ.എൻ.രഘുനന്ദനെ കേരള, കർണാടക സംസ്ഥാനങ്ങളുടെ ചുമതലനൽകി ബി.ജെ.പി.യിലേക്ക് നിയോഗിച്ചേക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു.
ആർ.എസ്.എസ്. പ്രചാരകന്മാരെ വിട്ടുനൽകിയില്ലെങ്കിൽ ബി.ജെ.പി. സ്വന്തംനിലയിൽ സംഘടനാ സെക്രട്ടറിയെ കണ്ടെത്തേണ്ടിവരും മുഴുവൻസമയ പ്രവർത്തകരെ മാത്രമേ സംഘടനാ സെക്രട്ടറിയാക്കാൻ സാധിക്കൂ. നിലവിലെ സംസ്ഥാന ഭാരവാഹികളെയും പരിഗണിച്ചേക്കും. മേഖലാ സംഘടനാ സെക്രട്ടറിമാരായ കൂ.വെ.സുരേഷ്, എൽ.പദ്‌മകുമാർ, ജി.കാശിനാഥൻ, കെ.പി.സുരേഷ് എന്നിവരിലാരെയെങ്കിലും നിയോഗിക്കാനും ഇടയുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡൻ്റിനോട് ആലോചിച്ചേ ഇക്കാര്യം തീരുമാനിക്കൂ. ആർ.എസ്.എസ്. നിയോഗിച്ചവരായതിനാൽ മേഖലാ സംഘടനാ സെക്രട്ടറിമാരെ തിരിച്ചുവിളിക്കുമോയെന്ന സംശയവുമുണ്ട്.