തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിക്ക് പിന്നിൽ ധനവകുപ്പിന്റെ അവഗണന. ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണ്. 1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണു വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാർക്ക് നൽകാനുമുണ്ട്. ജീവനക്കാരുടെ ശമ്പളമടക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്.
ഇതേ അവസ്ഥയാണ് തുടരുന്നതെങ്കില്‍ സപ്ലൈക്കോയുടെ ഭാവി അധികം വൈകാതെ തുലാസിലാകും. ഇപ്പോള്‍ തന്നെ കടത്തിന്മേല്‍ കടത്തിലാണ് ഓരോ ദിവസത്തെയും പോക്ക്. കോടികള്‍ കുടിശ്ശികയിനത്തില്‍ ധനവകുപ്പില്‍നിന്ന് സപ്ലൈക്കോയ്ക്ക് കിട്ടാനുണ്ട്. സാധനങ്ങള്‍ ഇല്ലാത്തതിനു പുറമേ ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്. സപ്ലൈക്കോയോട് ധനവകുപ്പിന് ചിറ്റമ്മനയമാണെന്ന് ഭരണാനുകൂല സംഘടന പോലും വിമര്‍ശിക്കുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് കോടിയെങ്കിലും വേണം. വിതരണക്കാര്‍ക്കു സാധനങ്ങള്‍ നല്‍കിയ വകയില്‍ കൊടുക്കാനുള്ളത് എഴുന്നൂറ് കോടി. ഇതില്‍ പഞ്ചസാര എത്തിച്ചവര്‍ക്ക് നൂറ് കോടിയോളം വരും. ഈ തുക മൊത്തം കൊടുക്കാതെ ഇനി പഞ്ചസാര നല്‍കില്ലെന്ന് വിതരണക്കാര്‍ സപ്ലൈക്കോയെ അറിയിച്ചിട്ടുണ്ട്.
റേഷന്‍ വാതില്‍പടി വിതരണക്കാര്‍ക്ക് കൊടുത്ത തുകയിനത്തില്‍ 300 കോടി സപ്ലൈക്കോയ്ക്ക് ലഭിക്കാനുണ്ട്. പ്രതിമാസം ഇതിനായി മാത്രം 21 കോടി രൂപ സപ്ലൈകോ മാറ്റിവെക്കുന്നുണ്ട്. ഈ തുക കൂടി മുടങ്ങിയാല്‍ റേഷന്‍ വിതരണവും സ്തംഭനാവസ്ഥയിലേക്ക് പോകും.