തിരുവനന്തപുരം: ഇടത്-വലത് മുന്നണികളെ പരിഹസിച്ച് ഗായകൻ അനൂപ് ശങ്കർ. കലാമണ്ഡലം ഗോപിയാശാനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ തകർന്ന് തരിപ്പണമായതിന്റെ പശ്ചാത്തലത്തിലാണ് അനൂപ് ശങ്കറിന്റെ പ്രതികരണം.‘ഒരു ചിന്തയും മറു ചിന്തയും ഇല്ലാതെ സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോൾ സത്യം ഒരു ദിവസം ജനങ്ങൾ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല. സത്യം പറഞ്ഞതിന് അങ്ങേയോട് ഇരട്ടി ബഹുമാനം ഗോപിയാശാനേ അങ്ങിൽ വസിക്കുന്ന കലാകാരന് പതിന്മടങ്ങു ശോഭയെന്നും’, അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ പോസ്റ്റ് ഏറ്റെടുത്താണ് ഇടത്-വലത് മുന്നണികൾ കുപ്രചാരണത്തിന് തുടക്കമിട്ടത്. തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നത്. പദ്മ പുരസ്കാരം പേര് കൂടി വലിച്ചഴിച്ചായിരുന്നു രഘുരാജിന്റെ പോസ്റ്റ്.
എന്നാൽ മകനെ തിരുത്തി കലാമണ്ഡലം ഗോപിയാശാൻ തന്നെ രംഗത്ത് വന്നു. തനിക്ക് സുരേഷ് ഗോപിയുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണെന്നും പദ്മ പുരസ്കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം സുരേഷ് ഗോപിയെ ക്ഷണിച്ച് കൊണ്ടുള്ള കുറിപ്പും അദ്ദേഹം ഫേയ്സ്ബുക്കിൽ പങ്കുവെച്ചു.