തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ കണക്കുകൾ സത്യവാങ്മൂലത്തിലുള്ളതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ … വരുമാനത്തെ കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രചരണം യഥാർത്ഥ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.. പാർലമെൻറംഗം, മന്ത്രി എന്നീ നിലകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും, നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയും ലാഭവിഹിതവും മാത്രമാണ് തന്റെ വരുമാന സ്രോതസ്സെന്ന് രാജീവ് ട്വിറ്ററിൽ വ്യക്തമാക്കി.
ട്വിറ്റർ പോസ്റ്റ് ഇങ്ങനെ
“2021-22 സാമ്പത്തിക വർഷത്തെ 680 രൂപ എന്ന തന്റെ നികുതി ബാധക വരുമാനത്തെ ചൊല്ലിയാണ് കോൺഗ്രസുകാർ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നത്. എന്നാൽ ഇതു സംബന്ധിച്ച എല്ലാ വസ്തുതകളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതാണ്.
2021-22 സാമ്പത്തിക വർഷത്തെ നികുതി ബാധകമായ വരുമാനം കുത്തനെ ഇടിയാനുള്ള കാരണം കോവിഡ് കാലത്തുണ്ടായ പാർട്ണർഷിപ്പ് നഷ്ടങ്ങളാണ്. “
“എന്റെ 18 വർഷത്തെ പൊതുജീവിതം കളങ്കരഹിതമാണ്. പല കോൺഗ്രസുകാരും പല തവണ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രത്യേകിച്ചും ഇത്തരം ശ്രമങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണിതും,” അദ്ദേഹം പറഞ്ഞു.
“സ്വത്തുക്കൾ മോഷ്ടിച്ചതിനും അത് വളഞ്ഞവഴികളിലൂടെ തങ്ങളുടെ പേരിലേക്ക് മാറ്റിയതിനും വിചാരണ നേരിടുന്ന ഗാന്ധി കുടുംബം നേതൃത്വം നൽകുന്ന കോൺഗ്രസും, അവിഹിത ഐപിഎൽ താൽപര്യങ്ങളുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഒരു സ്ഥാനാർത്ഥിയും സ്വത്ത് വെളിപ്പെടുത്തലിനെക്കുറിച്ചും നികുതി അടവിനെ കുറിച്ചും സംസാരിക്കുന്നത് വിരോധാഭാസമാണ്.”
ഈ ശ്രമങ്ങളെല്ലാം തിരുവനന്തപുരത്തിന്റെ പുരോഗതി, വികസനം, തൊഴിലവസരങ്ങൾ, നൈപുണ്യ വികസനം, നിക്ഷേപം തുടങ്ങിയ പ്രസക്തമായ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണെന്ന് വ്യക്തമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.