കൊച്ചി: മുൻ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ ചുമത്തിയതായി റിപ്പോർട്ട്. ഒരു കോടി രൂപയാണ് ക്ലബ് വിട്ട ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ വിവാദത്തിലാണു നടപടി. കോർട്ട് ഓഫ് ആർബിട്രേഷനു നൽകിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ റഫറിയുടെ വിവാദ തീരുമാനത്തിനു പിന്നാലെ ബെഗളൂരുവിനെതിരായ മത്സരം ബഹിഷ്‌കരിച്ച് കോച്ചും ടീമും വാക്കൗട്ട് നടത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിനു വലിയ പിഴ കൊടുക്കേണ്ടി വന്നിരുന്നു. ടീമിന് നാലു കോടിയാണ് എ.ഐ.എഫ്.എഫ് പിഴ ചുമത്തിയിരുന്നത്. ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണു വഹിക്കാറുള്ളത്. എന്നാൽ, ഇവാന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൽ നിന്ന് ഒരു കോടി രൂപ ഈടാക്കിയതെന്നാണു പുറത്തുവരുന്ന വിവരം.