തൃശൂര്‍: ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സതീശിന്റെ പുറകില്‍ താനാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
”സതീശന്റെ പുറകില്‍ ഞാനാണെന്ന് ചിലര്‍ പറയുന്നു. കേരള രാഷ്ട്രീയത്തില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്, എന്റെ കൂടെ പാര്‍ട്ടി മാറാന്‍ ഡല്‍ഹിവരെയെത്തിയ ഇപി ജയരാജന്‍ ആണ് പിന്നെയുള്ളത്. സതീശനെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഭയപ്പെടുമെന്നാണോ നിങ്ങള്‍ കരുതിയത്.? ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് കേരള രാഷ്ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേയ്ക്ക് വിടാനാണ് ശ്രമമെങ്കില്‍ അങ്ങനെ ചെയ്യുന്നവരുടെ മുഖപടം ചീന്തിയെറിഞ്ഞ് കളയാനുള്ള ബന്ധങ്ങള്‍ എനിക്കുണ്ട്.- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
തിരൂര്‍ സതീശന്റെ വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍കോളും എടുപ്പിക്കാന്‍ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാര്‍ക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം. നിങ്ങള്‍ക്കെന്നെ കൊല്ലാം, ഇല്ലാതാക്കാന്‍ കഴിയില്ല. എന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല.
സതീശനു കേരള ബാങ്കില്‍നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശന്‍ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സതീശനു ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണു ലഭിച്ചത്. സതീശന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. പണത്തിന് വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച സതീശന് ചാക്കില്‍ കണ്ട പണം എടുക്കാമായിരുന്നു. അയാള്‍ എടുക്കാതിരുന്നത് അങ്ങനെയൊരു ചാക്കും പണവും ഇല്ലാത്തതുകൊണ്ടാണ്.”- ശോഭ പറഞ്ഞു.