വന നിയമ ഭേദഗതി ബിൽ പിൻവലിച്ചത് ആശ്വാസകരമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്നും ബിൽ പിൻവലിക്കാനുള്ള തീരുമാനമെടുത്തതിൽ നന്ദിയും പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പി വി അൻവറിൻ്റെ തീരുമാനങ്ങൾ സർക്കാരിനെ സ്വാധീനിച്ചിരിക്കാമെന്നും ആ സമ്മർദ്ദം മൂലമാണ് ഭേദഗതി പിൻവലിച്ചതെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. അൻവറിന് നന്ദി പറഞ്ഞതോടൊപ്പം അതിനും മുന്നേ തന്നെ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും നിശിതമായ വിമർശനവും അദ്ദേഹം നടത്തി. മറയൂർ ചന്ദന മോഷണക്കേസിൽ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ല? വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണ് എന്നും അദ്ദേഹം വിമർശിച്ചു. കാട് വിട്ടിറങ്ങുന്ന അപകടകാരികളായ കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകണം. കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിൽപോലും കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല. വന്യമൃഗ ശല്യത്തിൽ സർക്കാർ ആത്മാർത്ഥത കാണിക്കട്ടെയെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.