ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച ചേർന്ന കോർകമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിർദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു.
ഇൗ മാസം 31നു മുൻപു തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരിയിൽ ദേശീയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായി പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കണം. അഞ്ചുവർഷം പൂർത്തിയായവർക്കും മത്സരിക്കാമെന്നുള്ളതുകൊണ്ട് കെ.സുരേന്ദ്രന് വീണ്ടും മത്സരിക്കാം. മറ്റാരൊക്കെ മത്സരരംഗത്തുണ്ടാകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇളവിന്റെ അടിസ്ഥാനത്തിൽ മത്സരിച്ച അധ്യക്ഷന്മാരെ കോർകമ്മിറ്റിയിൽ ഒഴിവാക്കുകയായിരുന്നു.കോഴിക്കോട്- വി കെ സജീവൻ, തിരുവനന്തപുരം -വി വി രാജേഷ്, ആലപ്പുഴ- ആർ ഗോപൻ, തൃശ്ശൂർ- കെ കെ അനീഷ് കുമാർ, കണ്ണൂർ- എൻ ഹരിദാസ്, കാസർകോട്- രവീഷ് തന്ത്രി ഗുണ്ടാർ, വയനാട്- പ്രശാന്ത് മലവയൽ, പാലക്കാട്-ഇ ഹരിദാസ്, മലപ്പുറം- രവി തേലത്ത്, എറണാകുളം- കെ ഷൈജു എന്നിവർ തുടരില്ല
പകരം കാസർകോട്- കെ ശ്രീകാന്ത്, കണ്ണൂർ- കെ രഞ്ജിത്, കോഴിക്കോട്- പി രഘുനാഥ് /അഡ്വ. കെ വി സുധീർ,മലപ്പുറം- അഡ്വ.ശ്രീപ്രകാശ് / അഡ്വ.അശോക്, പാലക്കാട്- സി മധു/ ഓമനക്കുട്ടൻ. തൃശ്ശൂർ- എ നാഗേഷ്, എറണാകുളം- ജിജി തോംസൺ / ബ്രഹ്‌മ രാജ്. ആലപ്പുഴ – സന്ദീപ് വചസ്പതി, കൊല്ലം – സോമൻ എന്നാവരാണ് സാധ്യതാ പട്ടികയിലുള്ളത്.വനിതകളെ പരിഗണിക്കുകയാണെങ്കിൽ രേണു സുരേഷ്, നിവേദിത സുബ്രഹ്‌മണ്യം, രാജി പ്രസാദ്, പ്രമീള ശശിധരൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഈ വിഷയം. അഞ്ച് വർഷമായി ഭാരവാഹി ആയിരിക്കുന്നവർ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് പദവി ഒഴിയേണ്ടതായും വരും.
ജില്ലാ പ്രസിഡന്റുമാരെ മൂന്നു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. ഇവർ സംസ്ഥാന പ്രസിഡന്റ് വോട്ടെടുപ്പിൽ നിർണായകമാണ്. അഞ്ചുവർഷം പൂർത്തിയായവർക്ക് മത്സരിക്കാമെന്നുള്ള വ്യവസ്ഥയിൽ ഇനിയും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് പി.കെ.കൃഷ്ണദാസ്– എംടി.രമേശ് വിഭാഗം. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുണ്ടായിരുന്ന ഇതേ മാനദണ്ഡം അന്തിമപട്ടികയിൽ ദേശീയ നേതൃത്വം പരിഗണിക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് ബിജെപിയിൽ പതിവുള്ളതല്ല. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ പകരം കെ.സുരേന്ദ്രന്റെ പേരുയർന്നു. മറുഭാഗത്ത് എംടി രമേശിന്റെ പേരും. മത്സരത്തിലേക്കു വന്നപ്പോൾ എം.ടി രമേശ് മാറി. പകരം എ.എൻ.രാധാകൃഷ്ണനെയാണ് പി.കെ.കൃഷ്ണദാസ് പക്ഷം മുന്നോട്ടുവച്ചത്. എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. വോട്ടെടുപ്പു നടന്നാലും കൂടുതൽ വോട്ട് കിട്ടുന്നവർ പ്രസിഡന്റാകണമെന്നില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നാകാം. ജില്ലാകമ്മിറ്റികളിൽ മുൻതൂക്കം തങ്ങൾക്കുണ്ടാകുമെന്നതിനാൽ സുരേന്ദ്രൻ പക്ഷത്തിന് സംശയവുമില്ല.
പ്രസിഡന്റിനെ കണ്ടെത്താനുള്ള ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്. അദ്ദേഹം വരുന്നതിനു മുൻപ് കേരളത്തിലെത്തി കാര്യങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ ഒരു സംഘം നേതാക്കളെ ദേശീയ നേതൃത്വം നിയോഗിച്ചു. അവർ വരും ദിവസങ്ങളിൽ എത്തി നേതാക്കളും പ്രവർത്തകരുമായും വരെ കൂടിക്കാഴ്ച നടത്തും.
വനിതകൾ പ്രസിഡന്റാകും
30 ജില്ലാ പ്രസിഡന്റുമാരിൽ നാലു പേരെങ്കിലും വനിതകളായേക്കും. രണ്ടോ മൂന്നോ ജില്ലകളിൽ ന്യൂനപക്ഷ വിഭാഗത്തിന് പ്രസിഡന്റ് പദം നൽകും. പിന്നാക്ക വിഭാഗത്തിൽ നിന്നും ഒന്നോ രണ്ടോ പേരെ ജില്ലാ പ്രസിഡന്റുമാരാക്കാനും ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ തയാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറിയ പാനലിൽ ഇത്തരം പേരുകളില്ലെങ്കിൽ പാനലിന് പുറത്തു നിന്ന് ആളെ കണ്ടെത്തി നിയമിക്കാനാണ് തീരുമാനം.