പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ പാർട്ടി ചുമതലകളിൽനിന്ന് ഒഴിയണമെന്ന ഭേദഗതി കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് അംഗീകരിച്ചത്. നിലവിലെ പി.ബി. കോഡിനേറ്റർ കൂടിയായ പ്രകാശ് കാരാട്ട്, മുതിർന്ന പി.ബി. അംഗങ്ങളായ പിണറായി വിജയൻ, വൃന്ദാ കാരാട്ട്, മാണിക് സർക്കാർ, സുഭാഷിണി അലി തുടങ്ങിയവരുൾപ്പെടെ മാറേണ്ടിവരും.
എന്നാൽ കേരള മുഖ്യമന്ത്രിയെന്ന പരിഗണനയിൽ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നൽകാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 2026ലെ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ പിണറായി വിജയന്‍ തന്നെ നയിച്ചേക്കും.
നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടതിനാല്‍ പിണറായിക്ക് പിബിയിലെ സ്ഥാനം ഒഴിയേണ്ടതുണ്ട്. എന്നാല്‍ പിണറായിയ്ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃയോഗങ്ങളില്‍ ചര്‍ച്ചയാക്കും. ഈ ആവശ്യം പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത. അതിന് ശേഷം നിയമസഭയിലേക്ക് വീണ്ടും മത്സരിക്കും. ധര്‍മ്മടത്ത് അന്‍വര്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനാണ് താനെന്ന സന്ദേശം സിപിഎം നേതാക്കള്‍ക്ക് പിണറായി നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.
അന്‍വര്‍ ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാൻ കെ സുധാകരന് സാധിച്ചിരുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും ഈ മേഖലയില്‍ സിപിഎമ്മിന് വോട്ടു ചോര്‍ച്ചയുണ്ടായി. ഇതെല്ലാം കണ്ടാണ് ധര്‍മ്മടത്തെ മത്സരം അന്‍വര്‍ ചര്‍ച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ ധര്‍മ്മടത്ത് വീണ്ടും പിണറായിയെ മത്സരിപ്പിക്കാനുള്ള നീക്കം കണ്ണൂരിലെ പിണറായി അനുകൂലികള്‍ തന്നെ നടത്തിയേക്കും. ബംഗാളിലും ത്രിപുരയിലും ഇപ്പോൾ സിപിഎം ഭരണം ഇല്ല. അതുകൊണ്ടുതന്നെ ഏക സംസ്ഥാനമായ കേരളത്തിലെ ഭരണം സിപിഎമ്മിന് കൈവിട്ട് കളയാനും ആകില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയൻ തന്നെ പാർട്ടിയുടെ ക്യാപ്റ്റനായി തുടരണമെന്ന വാദം സിപിഎമ്മിൽ സജീവമാണ്.
നിലവില്‍ പിണറായിയെ കൂടാതെ പോളിറ്റ് ബ്യൂറോയിലുള്ള നിരവധി നേതാക്കള്‍ പ്രായപരിധി പിന്നിട്ടവരാണ്. 17 ആംഗ പിബിയില്‍ ഏഴ് പേര്‍ 75 വയസ് കഴിഞ്ഞവരാണ്. കഴിഞ്ഞ സമ്മേളനകാലത്താണ് സിപിഎം 75 പ്രായപരിധി നടപ്പാക്കിയത്. എന്നാല്‍ പ്രായപരിധിയില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. കമ്മിറ്റിക്കുള്ളില്‍ അനുഭവ സമ്പത്തുള്ളവര്‍ വേണമെന്നാണ് എതിർക്കുന്നവരുടെ വാദം. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ മന്ത്രി ജി. സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പ്രായ പരിധി നിര്‍ബന്ധമാക്കരുതെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ നിയമം എന്നാണ് നിലവിൽ വന്നത് അത് ഇനി ആണെങ്കിലും മാറ്റാമല്ലോ എന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാൽ കേരളത്തിൽ പിണറായി മാറിയാൽ സമാനമായ കരുത്തുള്ള ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ പകരമില്ല എന്നത് സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. കൊടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗമാണ് ഈ നേതൃപ്രശ്‌നം സിപിഎമ്മിലുണ്ടാക്കിയത്. പിണറായിയുടെ പകരക്കാരൻ എന്ന് എല്ലാവരും കരുതിയത് കൊടിയേരിയെയാണ്. ഈ സാഹചര്യത്തിൽ കരുത്തനായ പടത്തലവനില്ലാതെ മത്സരിച്ചാൽ 2026ൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. അതുകൊണ്ട് മികച്ച ഭരണമാണ് പിണറായിയുടെ നേതൃത്വത്തിലെന്ന സന്ദേശം അടുത്ത തിരഞ്ഞെടുപ്പിലും ജനങ്ങൾക്ക് നൽകാൻ പിണറായി തന്നെ നയിക്കണമെന്ന വാദമാണ് സിപിഎമ്മിൽ സജീവമെന്നാണ് സൂചനകൾ.