റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോഴും ജോലി തേടി റഷ്യയിലെത്തുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഇവരിൽ പലരും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസികൾ വഴി റഷ്യൻ സൈന്യത്തിലും എത്തുന്നുണ്ട്. 1998-ൽ റഷ്യയിൽ പ്രവർത്തനം ആരംഭിച്ച ആൾ മോസ്കോ മലയാളി അസോസിയേഷനിൽ അടുത്തകാലംവരെ 180 ഓളം മലയാളികളാണ് അംഗങ്ങളായിരുന്നത്. എന്നാൽ 2024-ൽ മാത്രം 100 പേർ അംഗങ്ങളായി. 50 പേരുടെ അപേക്ഷ പരിഗണനയിലാണെന്ന് അസോസിയേഷന്റെ പ്രതികരണം.
സന്ദർശക വിസ, വിദ്യാർത്ഥി വിസ അല്ലെങ്കിൽ മൂന്നുവർഷം വരെ റഷ്യയിൽ ജോലി ചെയ്യാൻ അനുവാദം ലഭിക്കുന്ന ഉന്നത യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകൾക്കുള്ള വിസ എന്നിവയിലൂടെയാണ് മിക്ക മലയാളികളും റഷ്യയിൽ എത്തുന്നത്. ക്ലീനിങ്, ഹോട്ടൽ, ഗോഡൗൺ ജോലികൾ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് പൊതുവിൽ നൽകുന്നത്.
അവരുടെ ശമ്പളം 40,000 രൂപ മുതൽ 50,000 രൂപ വരെയാണ്. ഈ തുക കൊണ്ട് അവിടെ ജീവിക്കുക അസാധ്യമാണ്. അപ്പോഴാണ് റഷ്യൻ സൈന്യത്തിലേക്ക് മൂന്ന് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, റഷ്യൻ പാസ്പോർട്ടും പൗരത്വവും ലഭിക്കും. തുടക്കത്തിൽ സൈന്യത്തിന്റെ പിന്നാമ്പുറ ജോലികൾ ആണ് ചെയ്യേണ്ടിയിരുന്നത്. പിന്നീടത് യുദ്ധ മുഖത്തേക്ക് അയക്കുന്നതായി മാറിയെന്ന് പണിക്കർ പറയുന്നു.
ഈ മാസമാദ്യം റഷ്യൻ സൈന്യത്തിൽ ജോലി ചെയ്തിരുന്ന തൃശൂരുകാരനായ ബിനിൽ ബാബു യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധു ജെയ്ൻ കുര്യൻ പരിക്കേറ്റ് ചികിത്സയിലാണ്. റഷ്യൻ സൈനിക ക്യാമ്പിൽ ആറ് മലയാളികൾ ഉണ്ടെന്ന് ജെയ്നിന്റെ മാതാവ് പറഞ്ഞു. 2024 ഓഗസ്റ്റിൽ തൃശൂരുകാരനായ സന്ദീപ് ചന്ദ്രൻ കൊല്ലപ്പെട്ടിരുന്നു.
റഷ്യയിലേക്ക് ജോലി തേടി പോകുന്നവർ നേരായ മാർഗത്തിലൂടെയല്ല പോകുന്നതെന്നും നോർക്ക റൂട്ട്സിൽ വെറും എട്ടുപേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും നോർക്ക റൂട്ട്സ് സി ഇ ഒ വ്യക്തമാക്കിയിരുന്നു.
കൂടുതൽ മലയാളികൾ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടെന്ന അഭ്യൂഹങ്ങളെ തുടർന്ന്, കേരള പൊലീസ് റഷ്യയിലേക്ക് പോയ മലയാളികളുടെ വിവരശേഖരണം തുടങ്ങിയിരുന്നു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചാണ് വിവരം ശേഖരിക്കുന്നത്. ഓരോ ലോക്കൽ സ്റ്റേഷനുകളിലെയും എസ്.എസ്.ബിയുടെ ചുമതലയുള്ള പൊലീസ് ഓഫിസർ തദ്ദേശസ്ഥാപന ജനപ്രതിനിധികളെയടക്കം ബന്ധപ്പെട്ടാണ് റഷ്യൻ മലയാളികളുടെ കണക്കെടുക്കുന്നത്. റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ യുക്രെയ്ൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായും ബന്ധു ജെയിൻ കുര്യന് പരിക്കേറ്റതായും വിവരം ലഭിച്ചതോടെയാണ് പൊലീസ് കണക്കെടുപ്പ് ഊർജിതമാക്കിയത്. തൊഴിൽ തേടി വിവിധ റിക്രൂട്ടിങ് ഏജൻസികൾ മുഖേന റഷ്യയിലേക്ക് പോയ യുവാക്കളിൽ ചിലരാണ് വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതെ റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത് എന്നാണ് വിവരം.
എന്നാൽ, ഇത്തരത്തിൽ എത്ര മലയാളികൾ സൈന്യത്തിന്റെ ഭാഗമായി റഷ്യയിൽ കുടുങ്ങിയെന്നതിന് കണക്കില്ല. ഇതോടെയാണ് പ്രാദേശികതലത്തിൽനിന്ന് വിവരം ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തുന്ന വിദേശമന്ത്രാലയം ഇത്തരക്കാരുടെ കണക്കുകൾ ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് കണക്കുകൾ തേടിയിട്ടുണ്ട്.ജോലിക്ക് പുറമെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടും നിരവധി പേർ റഷ്യയിലേക്ക് പോയിട്ടുണ്ട്. ഇങ്ങനെ പോയവർ ആരൊക്കെ, എന്താണ് അവരുടെ ജോലി, കുടുംബവുമായി ബന്ധപ്പെടുന്നുണ്ടോ എന്നതടക്കം കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. റഷ്യയിലേക്ക് പോയി പിന്നീട് കുടുംബവുമായി ബന്ധപ്പെടാത്തവരുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ചില യുവാക്കൾ റഷ്യൻ സേനയുടെ ഭാഗമായതായി സൂചനകളുണ്ട്. ഇതിൽ ചിലർ സഹായമഭ്യർഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. ഇവരുടെ കുടുംബവുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
തൊഴിൽ, ഉന്നത വിദ്യാഭ്യാസം എന്നിവക്കായി റഷ്യയിലേക്ക് റിക്രൂട്ടിങ് നടത്തുന്ന ഏജൻസികളിൽനിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ പത്തോളം ഇന്ത്യക്കാർ ഇതിനകം യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.