സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ ‘ഉന്നതതലസമിതി’ രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സമിതിയിലുണ്ടാവും. മുൻ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരെക്കൂടി ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
പാർട്ടി ദൈനംദിനകാര്യങ്ങളും തർക്കങ്ങളുമൊക്കെ ചർച്ചചെയ്ത് ധാരണയുണ്ടാക്കി, പൊതുനിലപാട് സ്വീകരിച്ചു മുന്നോട്ടു നയിക്കുക എന്നതാണ് ഉന്നതതലസമിതിയുടെ ഉത്തരവാദിത്വം. നേതൃതലത്തിലെ എല്ലാവർക്കും പ്രാതിനിധ്യമുള്ളതിനാൽ, പരസ്യമായ ഏറ്റുമുട്ടലുകളും അഭിപ്രായഭിന്നതകളുമൊക്കെ ഇതുവഴി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
അതേസമയം കെ.പി.സി.സി. അധ്യക്ഷനെ മാറ്റുന്നതിൽ തർക്കം തുടരുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാമെന്ന മുൻനിലപാട് കെ. സുധാകരൻ മാറ്റിയതാണ് ഇപ്പോഴത്തെ തലവേദന. നേതൃമാറ്റചർച്ചകളിൽ അദ്ദേഹം കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റേതെങ്കിലും പദവി വാഗ്ദാനം ചെയ്ത് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാക്കാമെന്ന വാഗ്ദാനമാണ് പരിഗണനയിൽ.