സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന തമിഴിലെ ദളപതി വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ അവസാന ചിത്രവും ഇതുതന്നെ ആവും എന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കും ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് സമ്പൂർണമായും പ്രവേശിക്കുന്നതിന് മുമ്പുള്ള ഈ ചിത്രവും രാഷ്ട്രീയം തന്നെയാണ് സംസാരിക്കുക എന്നാണ് മനസിലാകുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വലിയ ജനസഞ്ചയത്തെ തന്റെ സെൽഫിക്കുള്ളിൽ ചിത്രീകരിക്കുന്ന ഒരു ക്രൗഡ് പുള്ളറെയാണ് കാണാൻ സാധിക്കുക. തന്റെ അണികളെ അഭിസംബോധന ചെയ്യുന്ന ഒരു തലൈവർ ഗെറ്റപ്പിലാണ് വിജയ്‌യെ അവതരിപ്പിക്കുന്നത്. പോസ്റ്റർ റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ അത് ട്രെന്ഡിങ് ആവുകയും ചെയ്തു.
അധികം വൈകാതെ തന്നെയാണ് സെക്കന്റ് ലുക്കും പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ കാര്യങ്ങൾ കുറച്ചു കൂടെ വ്യക്തമാണ്. എം ജി ആറിനെ ഓർമിപ്പിക്കും വിധം ചാട്ടവാർ ചുഴറ്റി ‘നാൻ ആണയിട്ടാൽ’ എന്ന ക്യാപ്ഷനോട് കൂടിയാണ് സെക്കന്റ് ലുക്ക് പുറത്തു വിട്ടത്. എം ജി ആറിനെ പോലെ സിനിമകളിൽ കൂടെ പ്രശസ്തനായി ഒരു നാടിന്റെ തലൈവൻ ആകുന്ന വഴി തന്നെയാണ് വിജയ് സ്വീകരിച്ചിരിക്കുന്നത്. എം ജി ആറിന്റെ പഴയ ഗാനരംഗത്തിൽ വിജയ്‌യെയും സ്റ്റാലിനെയും കഥാപാത്രങ്ങളായി സൂചിപ്പിച്ചു സ്റ്റാലിനെ വിജയ് ശിക്ഷിക്കുന്ന വിഡിയോയും കക്ഷികൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്.