കേന്ദ്ര സർക്കാരിന്റെ 2025 – 2026 ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നു കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ മുരളീധരൻ. തൃശ്ശൂരിൽ നിന്ന് ലോക്സഭയിൽ ഒരു എം പി ഉണ്ടായിട്ടു പോലും ഒന്നും നേടിയെടുക്കാനായില്ല. കേന്ദ്രത്തിന്റെ ഈ സമീപനം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ബിഹാറിന് വാരിക്കോരി പദ്ധതികൾ അനുവദിച്ചു നൽകുമ്പോൾ കേരളം ഏറ്റവും പ്രധാനമായി മുന്നോട്ട് വെച്ച ആവശ്യമായ 24000 കോടിയുടെ പാക്കേജ് കേന്ദ്രം കണ്ടില്ലെന്നു നടിച്ചു. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു മാത്രം തയ്യാറാക്കിയ ബജറ്റ് ആണെന്നും മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരർക്കായി ഒരു പദ്ധതി പോലും അനുവദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
പല മോഹനവാഗ്ദാനങ്ങൾ ചേർത്ത് വെച്ച ഒരു ബഡ്ജറ്റാണിത് പക്ഷെ ബി ജെ പിയോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ ബാക്കി ആർക്കും ഇതുകൊണ്ടു പ്രയോജനമില്ല. ആദായ നികുതിയിലെ മാറ്റമാണ് എടുത്തു പറയാവുന്ന ഒരു സവിശേഷത. 12 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് ആദായ നികുതി അടക്കേണ്ട ആവശ്യമില്ല. മധ്യവർഗക്കാർക്കു ആശ്വാസമേകുന്ന ഒരു ആശയം തന്നെയാണിത്. പക്ഷെ അതിലുപരി കേരളത്തിന് എടുത്തു പറയാൻ ഒന്നും തന്നെ നൽകിയിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ ദൈനംദിനം സംഭവിക്കുമ്പോളും സംസ്ഥാനത്തിന് ഒന്നും അനുവദിക്കാത്ത ബജറ്റ് ആയിരുന്നു ഇത്.