ഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതന്‍ മന്ത്രിയാകണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉന്നതകുലജാതന്‍ വകുപ്പു മന്ത്രിയായാല്‍ അവരുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹി മയൂര്‍വിഹാറില്‍ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞു.
‘2016ല്‍ എംപിയായ കാലഘട്ടം മുതല്‍ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിനുവേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ആദിവാസി വിഭാഗത്തില്‍പെട്ട ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാകണം. ജാതിവശാല്‍ ഉന്നതകുലജാതനെന്ന് നമ്മള്‍ കരുതുന്ന ഒരു ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്.’- സുരേഷ്‌ഗോപി പറഞ്ഞു.
ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോള്ളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തിയാല്‍ പോരാ. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. 2024 ജൂണ്‍ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു. ഇപ്പോള്‍ അതിലെ 2 ദുരന്തങ്ങള്‍ പരസ്പരം ഡല്‍ഹിയില്‍ അടിക്കുന്നു. 2047ല്‍ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്. ചില പോരായ്മകള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വിവാദപ്രസ്താവനയില്‍ എന്നോട് എന്നും ചോദിക്കരുത് എന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു.