സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനെതിരെ അനേകം വിമർശനങ്ങൾ വന്നിരുന്നു. സിപിഎം ബിജെപി കൂട്ടുകെട്ട് പുറത്തായി എന്ന ആരോപണത്തിന് പ്രതിപക്ഷം ഉദാഹരണമായി എടുത്തു കാണിച്ചതും ഇ പി ജയരാജൻ ബിജെപി ദേശീയ നേതാവായ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ പി ക്കെതിരെ പാർട്ടിയുടെ ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്നത്. ഇത് മാത്രമല്ലാതെ ഒട്ടനവധി വിഷയങ്ങളിൽ ഇ പി പ്രതിരോധത്തിലായിരുന്നു. ഇതിനെല്ലാം മറുപടിയായാണ് പോളിറ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ പ്രതികരണം. ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ് പക്ഷെ അദ്ദേഹം ക്രിസ്റ്റൽ ക്ലിയർ ആണെന്നുള്ള കാര്യത്തിൽ സംശയമേതുമില്ല എന്നാണ് പിണറായി പറഞ്ഞത്. പി പി ദിവ്യക്കെതിരായ വിമര്ശനങ്ങളിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയിരുന്നു.
‘താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന് ദിവ്യയെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ദിവ്യ ഒരു ദിവസം കൊണ്ട് രൂപപ്പെട്ട നേതാവല്ലെന്നും പാർട്ടി വിമർശനങ്ങൾ ഒരാളെയും പൂർണമായും ഒഴിവാക്കാനല്ലെന്നും അയാൾക്ക് ഇനിയും തിരിച്ചു വരാൻ ഒട്ടേറെ വഴികളുണ്ടെന്നും പിണറായി പ്രതികരിച്ചു. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിനു കാരണം ദിവ്യയുടെ പ്രസംഗത്തിന് അവസാനഭാഗം ആയിരുന്നെന്നും അത് തെറ്റായിപ്പോയി എന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന എം വി ജയരാജൻ മാറുമെന്നാണ് സൂചന.