പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു എന്ന കാര്യത്തിൽ കെ സുരേന്ദ്രനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കേണ്ട വ്യക്തികളുടെ പട്ടിക തയ്യാറാക്കേണ്ടതും അനുമതി വാങ്ങേണ്ടതും സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കു പോലും കിട്ടാറില്ലാത്ത ഈ അവസരം എങ്ങനെ ഒരു തട്ടിപ്പു വീരന് ലഭിച്ചു എന്ന് സുരേന്ദ്രൻ വ്യക്തമാക്കണം എന്നാണ് സന്ദീപിന്റെ ചോദ്യം. ഇക്കാര്യത്തിൽ നേരത്തെയും സന്ദീപ് വാര്യർ ബി ജെ പിക്ക് നേരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ഒരു വലിയ തിമിംഗലമാണെന്നും എറണാകുളം കേന്ദ്രീകരിച്ചുള്ള ഡീലുകൾക്ക് പിന്നിലെ കച്ചവടക്കാരനും സംഘപരിവാറിന്റെ ഫണ്ട് റേസർ ആണെന്നുമൊക്കെയുള്ള ആരോപണങ്ങൾ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നരേന്ദ്രൻ മോഡി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണ് ഈ തട്ടിപ്പൊക്കെയും നടത്തിയിരിക്കുന്നത്. ഈ തട്ടിപ്പിനൊക്കെ പാർട്ടി മൗനാനുവാദം നൽകിയിട്ടുണ്ടോ. സുരേന്ദ്രൻ അറിഞ്ഞാണോ ഇക്കാര്യങ്ങളൊക്കെയും നടക്കുന്നത് എന്നുള്ള ചോദ്യങ്ങളെല്ലാം സന്ദീപ് ഉന്നയിച്ചിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാന്‍ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്. സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് അനന്തു കൃഷ്ണന്‍ നടത്തിയതെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തിയിരുന്നു.