ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത് സഭയിലെ നടപടി ക്രമം ആണെന്നിരിക്കെ അത് നൽകാത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്സഭയിലും നിയമസഭകളിലും ഇതാണ് പിന്തുടർന്ന് പോരുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയും അതിനെ മെച്ചപ്പെട്ടതാക്കാൻ വേണ്ടിയുള്ള നിർദേശങ്ങളും ആലോചനകളുമെല്ലാമാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉള്ളടക്കം. ഇത് സഭാംഗങ്ങൾക്ക് നൽകിയാൽ അവതരണത്തിനോടൊപ്പം തന്നെ കാര്യങ്ങൾ മികച്ച രീതിയിൽ ഗ്രഹിക്കാനും, വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനും, വിമർശനങ്ങൾ ഉന്നയിക്കുവാനും അതിലുപരി സുതാര്യത ഉറപ്പാക്കാനും ഇത് ഉപകരിക്കും. അതിനാൽ തന്നെയാണ് സഭകളിൽ ഇതൊരു കീഴ്വഴക്കമായി പിന്തുടർന്ന് പോരുന്നത്.
പ്രതിപക്ഷ നേതാവിന്റെ വിമർശനത്തെ സ്പീക്കറും അനുകൂലിച്ചു. റിപ്പോർട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നതു തെറ്റാണെന്നും വീണ്ടും അവർത്തിക്കരുതെന്ന റൂളിങ്ങും നൽകി. 2022 സമാനമായ ഒരു സംഭവം നടന്നിരുന്നു എന്നും അന്നും പ്രതിപക്ഷം ഇതിനെ എതിർത്തിരുന്നു എന്നും പ്രതിപക്ഷനേതാവ് സഭയെ ഓർമിപ്പിച്ചു. അന്ന് സ്പീക്കർ ഇത് അവർത്തിക്കരുതെന്ന നിർദേശവും നൽകിയിരുന്നു. പക്ഷെ രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇത് ആവര്തികുകയാണെന്നും അത് ഗുരുതരമായ തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു.