തിരുവനന്തപുരം: മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമെടുക്കും. പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ട് ഘടകകക്ഷികൾ മന്ത്രി പദവി മറ്റ് രണ്ട് ഘടകകക്ഷികൾക്ക് കൈമാറണമെന്ന് മുൻപ് തന്നെ ധാരണയുണ്ടായിരുന്നു.
മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നതിനനുസരിച്ച് വകുപ്പുമാറ്റം വേണ്ടെന്നാണ് പാർട്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്. അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പളളിക്ക് തുറമുഖ വകുപ്പും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മന്ത്രിസഭ പുനഃസംഘടന നടപ്പാക്കുന്നതോടെ, ഏക എംഎൽഎമാരുള്ള മുന്നണിയിലെ ആർജെഡി, ഒഴികെയുള്ള കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആർജെഡിക്ക് മറ്റുസ്ഥാനങ്ങൾ നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എൽഡിഎഫ് നേതാക്കൾ നൽകുന്ന വിവരം.