ന്യൂഡൽഹി: ലോക്സഭയിൽ ചോദ്യമുന്നയിക്കാൻ വൻകിട ബിസിനസുകാരിൽ നിന്ന് കോഴയും സമ്മാനവും സ്വീകരിച്ചുവെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ലോക്സഭ സ്പീക്കർ ഓം ബിർളയാണ് പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറിയത്. ബി.ജെ.പി എം.പി വിനോദ് കുമാർ സോൻകറാണ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ. മഹു മൊയ്ത്ര ലോക്സഭയില്‍ ഉന്നയിച്ച 61ല്‍ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ നിഷികാന്ത് ദുബെ ആരോപിച്ചത്. മൊയ്ത്രയുടെ സുഹൃത്തു കൂടിയായിരുന്ന അഡ്വ. ജയ് ആനന്ദ് ഇതിന് ആധാരമായ തെളിവുകള്‍ നല്‍കിയെന്നും പരാതിയില്‍ ദുബെ പറയുന്നു.ലോക്സഭ വെബ്സൈറ്റിലേക്ക് എം.പിയുടെ ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കടക്കാന്‍ വ്യവസായ സ്ഥാപനത്തിന് സൗകര്യം ചെയ്തുകൊടുത്തുവെന്നും ദുബെ ആരോപിച്ചു. മൊയ്ത്രക്കെതിരെ അന്വേഷണ സമിതി രൂപവത്കരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, ആരോപണങ്ങള്‍ തന്നെ താറടിക്കാനുള്ള ശ്രമവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കാട്ടി മഹുവ മെയ്ത്ര ദുബെക്ക് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്കുന്നു. ദുബെയുടെ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ത്ത നല്കിയ 18 മാധ്യമ, സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ക്കും മഹുവ മൊയ്ത്ര വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.