അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് മുറുകുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ രാമവിരുദ്ധർ എന്നാണ് ബിജെപി വിളിച്ചത്.
ചടങ്ങിനെ ആർഎസ്എസ് ബിജെപി പരിപാടി എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ആർഎസ്എസും ബിജെപിയും ചേർന്ന് അയോധ്യയിലെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാർട്ടിയുടെ നിലപാടുകളും സഖ്യകക്ഷികളും ഹിന്ദുക്കളെയും സനാതന ധർമ്മത്തെയും പതിവായി അവഹേളിക്കുകയാണെന്ന് ബിജെപി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. ബിജെപിയുടെ കടുത്ത വിമർശനത്തിന് തൊട്ടുപിന്നാലെ, അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച അംഗീകരിച്ചു.
രാമക്ഷേത്രം രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്തതിൽ പ്രതിഷേധിച്ച് നാല് ശങ്കരാചാര്യന്മാർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ബഹിഷ്കരിച്ചതായി റിപ്പോർട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക മുഖ്യമന്ത്രിയുടെ പരാമർശത്തോട് മറ്റ് ബിജെപി നേതാക്കളും പ്രതികരിച്ചതോടെ സിദ്ധരാമയ്യയുടെ പരാമർശം വാക്പോരിന് കാരണമായി. ഡികെ ശിവകുമാറിനെ വെട്ടിലാക്കാൻ സിദ്ധരാമയ്യ ചിലരെ പ്രേരിപ്പിക്കുകയാണെന്നും ഇത് അദ്ദേഹത്തിന്റെ ഗെയിം പ്ലാനാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയുടെ അവസരം നിഷേധിച്ചതും വാക്പോരിന് കാരണമായി. ബിജെപി സർക്കാരിന്റെ ഭരണക്കാലത്താണ് ഇത് നിരസിക്കപ്പെട്ടതെന്നും അവർ പറഞ്ഞു.
രാമജന്മഭൂമിയെ തുടക്കം മുതൽ തന്നെ കോൺഗ്രസ് എതിർത്തിരുന്നുവെന്നും അതിന് സാധ്യമായ എല്ലാ തടസ്സങ്ങളും അവർ സൃഷ്ടിച്ചതായും ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. “കോൺഗ്രസ് എല്ലായ്പ്പോഴും ഹിന്ദുത്വത്തിന് എതിരാണ്. സർദാർ വല്ലഭായ് പട്ടേൽ, ബാബു രാജേന്ദ്ര പ്രസാദ്, കെ എം മുൻഷി എന്നിവർ ചേർന്നാണ് സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചത്. അക്കാലത്ത് ജവഹർലാൽ നെഹ്റു ആയിരുന്നു പ്രധാനമന്ത്രി. അദ്ദേഹം സോമനാഥിനെ സന്ദർശിച്ചില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം എങ്ങനെ അയോധ്യയിലേക്ക് പോകും? ആദ്യം, ക്ഷണം ലഭിച്ചില്ലെന്ന് അവർ വിലപിച്ചു, ലഭിച്ചപ്പോൾ അവർ അത് സ്വീകരിക്കാൻ വിസമ്മതിച്ചു” കർണാടക ബിജെപി അധ്യക്ഷൻ സി ടി രവി എഎൻഐയോട് പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും ജി20 ഉച്ചകോടിയും കോൺഗ്രസ് ബഹിഷ്കരിച്ചതായി ബിജെപി എംപി സുധാൻഷു ത്രിവേദി എഎൻഐയോട് പറഞ്ഞു. ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സെലിബ്രിറ്റികൾ, വ്യവസായികൾ തുടങ്ങി 6,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.#bjp