മലപ്പുറം: അയോധ്യവിഷയം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ പ്രസ്താവന ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട. സദുദ്ദേശത്തോടെയാണ് തങ്ങൾ അത് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമൂഹത്തിന്റെ നന്മക്കും സാമൂദായിക സൗഹാർദം നിലനിർത്താനുമായി തങ്ങൾ സവിസ്തരം ചെയ്ത ഒരു പ്രസംഗമാണിത്. മുമ്പ് ബാബരി മസ്ജിദ് തകർത്തപ്പോഴും കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ മുസ്‍ലിം ലീഗ് ഇടപ്പെട്ടിരുന്നു. അന്ന് ചിലരെല്ലാം ലീഗിനെ വിമർശിച്ചുവെങ്കിലും പിന്നീട് എല്ലാവരും മുസ്‍ലിം ലീഗിന്റെ നിലപാടിനൊപ്പം നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങൾ മുസ്‌ലിം ലീഗ് പരിപാടിയിൽ പ്രസംഗിച്ചത്. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.
ബാബരി മസ്ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു. മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയിൽ കർസേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.#ayodhya