കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ. ഒരു വിഭാഗത്തിന്റെ മുഖ്യമന്ത്രി മാറിയത് വേദനാജനകം എന്നും ആക്ഷേപം. യാക്കോബായ സഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ് യുഹാനോൻ മാർ ദിയസ്കോറസ്.
തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണെന്നും അദ്ദേഹം നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും യുഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അള മുട്ടിയാൽ ചേരയും കടിക്കും സർക്കാർ അക്കാര്യം ഓർക്കണമെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന അട്ടിമറികളെ ആശങ്കയോടെയാണ് സഭ കാണുന്നതെന്നും നിമയത്തിനും സത്യത്തിനും വിരുദ്ധമായി മലങ്കര സഭയെ തർക്കാൻ ആരു ശ്രമിച്ചാലും സഭ ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോൽപ്പിക്കുമെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടി അഡ്വ ബിജു ഉമ്മൻ പറഞ്ഞു.
പാത്രിയാർക്കിസ് ബാവയുടെ കേരളാ സന്ദർശനത്തിന് ഓർത്തഡോക്സ് സഭ എതിരല്ലെന്നും എന്നാൽ ബാവയുടെ കേരളാ സന്ദർശനം പ്രൊട്ടോക്കോൾ ലംഘനമാണെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു.