നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് വേദിയാവുകയാണ് ഇന്ത്യൻ രാഷ്ട്രീയം. സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയ വഴിത്തിരിവായ ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാണ് ഡൽഹി തെരെഞ്ഞെടുപ്പിലൂടെ രാജ്യം കണ്ടത്. ഡൽഹിയിൽ പ്രതീക്ഷകൾ ഏറെ വച്ചുപുലർത്തിയിരുന്ന ആം ആദ്മിക്കേറ്റ പ്രഹരത്തിൽ കോൺഗ്രസിനും പങ്കുണ്ട് എന്ന മറുവാദത്തിന് പ്രസക്തി കൂടുകയാണ്. ഹരിയാനയിൽ സഖ്യമില്ലാതെ ഒറ്റയ്ക്ക് നിന്ന് ബിജെപിയെ സഹായിച്ച കേജരിവാളിന് ഡൽഹിയിൽ അതേ നാണയത്തിൽ കോൺഗ്രസും മറുപടി കൊടുത്തപ്പോൾ കാര്യമറിയാതെ അതിനെതിരെ വിമർശനങ്ങൾ ഏറെയായിരുന്നു. എന്നാൽ കോൺഗ്രസ് രാഷ്ട്രീയം നിലനിൽപ്പിൻറെ രാഷ്ട്രീയമായി മാറി. ഡൽഹിയിൽ തോറ്റ ആം ആദ്മിയുടെ പഞ്ചാബിലെ സർക്കാരിലും പടല പിണക്കങ്ങൾ തുടങ്ങിയിരിക്കുന്നു.

ഇപ്പോൾ 30 എംഎൽഎമാർ രാജിവയ്ക്കാൻ ഒരുങ്ങിയിരിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാർ രാജിവച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതോടെ ആപ്പിൻറെ ദേശീയ പാർട്ടി അംഗീകാരം പോലും നഷ്ടമാകും. മാത്രമല്ല ആപ്പിൻറെ വളർച്ച നിലയ്ക്കുകയും തളർച്ചയ്ക്ക് ആക്കം കൂടുകയും ചെയ്യും. കോൺഗ്രസിനെ സംബന്ധിച്ച ഏറ്റവും ശരിയായ പൊളിറ്റിക്സ് ആണ് അവർ ഡൽഹിയിൽ പുറത്തെടുത്തതെന്ന് പറയേണ്ടിവരും.
ഇനിയും കോൺഗ്രസിനെ ദുർബലമാക്കി ആപ്പിനെ വളർത്താനുള്ള കേജരിവാളിൻറെ തന്ത്രങ്ങൾ വിജയിക്കാനിടയില്ല. രാജ്യത്ത് 3 സംസ്ഥാനങ്ങളിൽ മാത്രം ഭരണമുണ്ടായിരുന്ന സർക്കാരായിരുന്ന പാർട്ടിയാണ് കോൺഗ്രസ് എങ്കിൽ കഴിഞ്ഞ ദിവസം വരെ രണ്ടു സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന പാർട്ടിയായിരുന്നു ആം ആദ്മി. അതിൻറെ അഹങ്കാരവും കേജരിവാളിനുണ്ടായിരുന്നു. അതിനാലാണ് ഹരിയാനയിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാനുള്ള അവസരം നഷ്ടമാക്കി അവർ അവിടെ ഒറ്റയ്ക്ക് മത്സരിച്ചത്. അതൊരു ചതിയായിരുന്നെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞിരുന്നു. അവർ അതിനു മറുപടിയും നല്കിയിരിക്കുന്നു. അങ്ങനെ വിലയിരുത്തുമ്പോൾ നഷ്ടം ആപ്പിന് തന്നെ.
ഇന്ത്യാ മുന്നണിയിൽ ഒരുമിച്ച് നിൽക്കുമ്പോഴും ആം ആദ്മിയുടെ കോൺഗ്രസ് വിരുദ്ധത ഒടുവിൽ തിരിച്ചടിച്ചു. യുപിഎ മുന്നണി സർക്കാരിന്റെ അവസാന പാദത്തിലാണ് ഡൽഹിയിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ആം ആദ്മിയെന്ന പാർട്ടിക്ക് രൂപം കൊണ്ടത്. ഡൽഹിയിലെ അട്ടിമറി സമരങ്ങൾക്ക് പിന്നിൽ സംഘപരിവാറിന്റെ അദൃശ്യ കരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അത് യഥാർത്ഥത്തിൽ അരവിന്ദ് കേജ്‌രിവാളെന്ന കൗശലക്കാരനും കൂർമ്മ ബുദ്ധിയുമായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥന്റെ രാഷ്ട്രീയത്തിലേക്കുള്ള വഴിതുറക്കലായി മാറുകയായിരുന്നു.
ആം ആദ്മി സംഘപരിവാർ ബി ടീം ആണ് എന്ന ആരോപണം നേരത്തെ നിലനിൽക്കുന്നുണ്ട്. അവ പരിശോധിക്കുമ്പോൾ, കോൺഗ്രസ് വിരുദ്ധതയിൽ നിന്നും രൂപമെടുത്ത ആം ആദ്മിയെ ഭരണം പിടിക്കാൻ സഹായിച്ചത് ബിജെപിയാണ് എന്നതാണ് ആദ്യ ആരോപണം. പിന്നീട് ബിജെപി വിരുദ്ധത പുറമേ പ്രദർശിപ്പിച്ച് ഇടതുപക്ഷ ആശയമുഖം ധരിച്ച ആപ്പ് ഹനുമാനിലൂടെ മൃദുഹിന്ദത്വ സമീപനവും കൂടെകൂട്ടി. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ കേജ്‌രിവാളിന് മോഹമുദിച്ചതോടെ ഇന്ത്യാ മുന്നണിയിലായിട്ടും തന്റെ സ്വപ്‌ന സാക്ഷാത്കക്കാരത്തിന് കോൺഗ്രസിന്റെ തകർച്ച അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കേജ്‌രിവാളിന്റെ നീക്കങ്ങൾ കേന്ദ്ര ഏജൻസികളിലൂടെയും അല്ലാതെയും മനസിലാക്കിയ ബിജെപി കൗശലപൂർവ്വം അദ്ദേഹത്തെ ഉപയോഗിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ തകർച്ചയിലൂടെ ഇന്ത്യാമുന്നണി ഇല്ലാതാക്കാമെന്ന രാഷ്ട്രീയയുക്തിയാണ് ബിജെപിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കേജ്‌രിവാളിന്റെയും ബിജെപിയുടെയും പൊതുശത്രുവായി കോൺഗ്രസ് മാറുകയും ചെയ്തു. ബിജെപി വിരുദ്ധത പറഞ്ഞിരുന്ന ആപ്പ് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാൻ ആംആദ്മി തയ്യാറായില്ല. അന്ന് ഇന്ത്യ മുന്നണി നിലവിലില്ല.

സംസ്ഥാന കോൺഗ്രസിലെ നേതൃതർക്കങ്ങളും വടംവലിക്കും പുറമേ ഭരണവിരുദ്ധ വികാരവും തങ്ങൾക്കനുകൂലമാകുമെന്ന എഎപിയുടെ ചിന്തയാണ് പഞ്ചാബിന്റെ രാഷ്ട്രീയ അധികാരം അവരിലേക്ക് എത്തിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ തങ്ങൾക്കുള്ള ശക്തി സമാഹരിച്ച് സംഘപരിവാർ അവിടെ ആപ്പിന് അകമഴിഞ്ഞ പിന്തുണയും നൽകി. ആദ്യം പകച്ചു പോയ കോൺഗ്രസിന് കുറച്ച് കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ മനസിലായി. എന്നാൽ രാഷ്ട്രീയ നീക്കങ്ങൾക്ക് യുക്തമായ സമയത്തിന് വേണ്ടി അവർ കാത്തിരുന്നു. ഡൽഹിയിലും പഞ്ചാബിലും അധികാര നഷ്ടമുണ്ടായതിലൂടെ കോൺഗ്രസിന് ഇനി രാജ്യത്ത് പ്രസക്തിയില്ലെന്ന് ബിജെപിക്കൊപ്പം ആം ആദ്മിയും പ്രചാരണം തുടങ്ങി.
ഇതിനിടെയാണ് ബിജെപിക്കെതിരായ പൊതു പ്ലാറ്റ്‌ഫോമെന്ന നിലയിൽ ഇന്ത്യാ മുന്നണിക്ക് രൂപം കൊടുത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് ശേഷവും ഉദ്ദേശിച്ച സംഖ്യയിലേക്ക് ഉയരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. എന്നാൽ പ്രധാനമന്ത്രി മോഹം ഉള്ളിലൊളിപ്പിച്ച കേജ്‌രിവാൾ ഹരിയാന തിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയയിലാക്കി. അവിടെ ബിജെപി വിജയിച്ച് ഭരണത്തിലേറുകയും ചെയ്തു. തുടർന്നാണ് ഡൽഹി മദ്യനയ അഴിമതി മുൻനിർത്തി കേജ്‌രിവാളിനെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. അഴിമതി നടന്നുവെന്ന് ഉറപ്പാക്കിയ ബിജെപി കേജ്‌രിവാളിനെ തെളിവുസഹിതം കുടുക്കി ജയിലിലെത്തിച്ചു. അതോടെ ആപ്പിന്റെയും കേജ്‌രിവാളിന്റെയും പ്രതിച്ഛായ ഇടിഞ്ഞു.
പിന്നീട് നടന്ന ഡൽഹി തിരഞ്ഞെടുപ്പാണ് കേജ്‌രിവാളിന് തിരിച്ചടിയായത്.. ഹരിയാനയിൽ ആപ്പ് ചെയ്ത അതേ തന്ത്രം കോൺഗ്രസ് പുറത്തെടുത്തതോടെ രാജ്യതലസ്ഥാനത്ത് ഒരു രാത്രിയിൽ അധികാരക്കസേരയിൽ നിന്നും ആപ്പും കെജ്രിവാളും നിലംപതിച്ചു. അതിന്റെ
ബാക്കി അലയൊലികൾ ഇപ്പോൾ പഞ്ചാബിൽ തുടങ്ങിയിരിക്കുകയാണ്.
തങ്ങൾക്ക് ഒറ്റയടിക്ക് കയറാനാവാത്ത സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റാനുള്ള ഉപകരണമായാണ് ബിജെപി ആപ്പിനെ ഉപയോഗിച്ചത്. പഞ്ചാബിലും അതാണ് ബിജെപി ചെയ്തതതും. എന്നാൽ തിരഞ്ഞെടുപ്പ് തോൽവി ആംആദ്മിയുടെ വലിയ തകർച്ചയാവുന്നതോടെ ബി.ജെ.പിക്ക് കൂടി അത് പ്രഹരമായി മാറുകയാണ്.