ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന്റെ ചർച്ചക്കിടയിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ലോക്സഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. ജമ്മു-കശ്മീർ പുനഃസംഘാടന നിയമഭേദഗതി ബിൽ, ജമ്മു-കശ്മീർ സംവരണ നിയമ ഭേദഗതി ബിൽ എന്നിവയുടെ ചർച്ച ഉപസംഹരിക്കവെ നെഹ്റുവിന്റെ രണ്ടു പരമാബദ്ധങ്ങളുടെ കെടുതി ജമ്മു-കശ്മീരിന് അനുഭവിക്കേണ്ടിവന്നുവെന്നാണ് അമിത് ഷാ പ്രസംഗിച്ചത്.കശ്മീർ മുഴുവനായി നേടാതെ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് ആദ്യത്തേത്. പഞ്ചാബ് മേഖലയിലെത്തി സൈന്യം വിജയിക്കുന്ന ഘട്ടമായപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. പാക് അധീന കശ്മീർ ഉണ്ടായി. മൂന്നു ദിവസം കഴിഞ്ഞായിരുന്നു വെടിനിർത്തലെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായേനേ. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയത് അടുത്ത തെറ്റ്. നെഹ്റു ശരിയായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ വലിയൊരു ഭൂഭാഗം വിട്ടുകൊടുക്കേണ്ടിവരില്ലായിരുന്നു. വെടിനിർത്തലിൽ തെറ്റുപറ്റിയെന്ന് നെഹ്റു പിന്നീട് പറഞ്ഞു. പക്ഷേ, കാണിച്ചത് തെറ്റല്ല, ചരിത്ര മണ്ടത്തമാണ്.
അമിത് ഷായുടെ ഈ പരാമർശങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അതിനിടയിൽ ബി.ജെ.ഡിയിലെ ഭർതൃഹരി മെഹ്താബ് അമിത് ഷായെ പിന്താങ്ങി. നെഹ്റുവിന്റെ രണ്ടു മണ്ടത്തം മാത്രമല്ല, ഹിമാലയൻ മണ്ടത്തവും പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1962ലെ ചൈന യുദ്ധത്തിലേക്ക് എത്തിയ നെഹ്റുവിന്റെ നടപടികളാണ് മെഹ്താബ് സൂചിപ്പിച്ചത്. രണ്ടു മണ്ടത്തത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇറങ്ങിപ്പോയ പ്രതിപക്ഷം, ഹിമാലയൻ മണ്ടത്തം പറഞ്ഞാൽ രാജിവെച്ചേനേ എന്നായിരുന്നു അമിത് ഷായുടെ മറുപടി.