ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ. അവസാനഘട്ട പരി​ഗണന ലിസ്റ്റിൽ ഈ 2 നേതാക്കൾ

കേരളത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ നടപടികൾ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാർച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ചുമതല പൂർണമായും പുതിയ കമ്മറ്റിയ്ക്കായിരിക്കും. തിരഞ്ഞെടുപ്പിന് കേരളത്തിൽ വലിയ തയ്യാറെടുപ്പുകൾ തന്നെ നടത്തേണ്ടതിനാലാണ് മാർച്ചിനുള്ളിൽ തന്നെ പുനസംഘടന പൂർത്തിയാക്കുന്നത്.

അഞ്ചു വർഷമായി ഭാരവാഹിത്വത്തിൽ തുടരുന്നവർ സ്ഥാനം ഒഴിയണമെന്ന നിർദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കിൽ കെ.സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. കെ. സുരേന്ദ്രനെതിരെ കേരളത്തിൽ നിന്നും പലവിമർശനങ്ങളും ഉയർന്നെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികച്ച നിലയിൽ സുരേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ.സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്.

ബി.ജെ.പി.

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായ എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതിൽ രാജീവ് ചന്ദ്രശേഖറിനാണ് ദേശീയ നേതൃത്വം പ്രഥമ പരിഗണന നൽകുന്നത്. രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യത്തിൽ ബി.ജെ.പി. ദേശീയ നേതൃത്വവും ആർ.എസ്.എസ്. നേതൃത്വവും ചർച്ചകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ അടക്കമുള്ള കാര്യങ്ങളും കേരളത്തിൽ സ്ഥിരമായി നിൽക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും രാജീവ് ചന്ദ്രശേഖർ ദേശീയ നേതാക്കൾക്ക് മുൻപിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ രാജീവ് ചന്ദ്രശേഖറനുമേൽ നേതൃത്വം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വവും ആർ.എസ്.എഎസും ഉള്ളത്. പുതിയ തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബി.ജെ.പി. നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, കേരളംപോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാർട്ടിക്ക് വരുന്ന സ്വീകാര്യത എന്നിവയ്ക്കൊപ്പം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി നൽകിയതിൽ അദ്ദേഹത്തിനുള്ള അതൃപ്തിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്തിലൂടെ പരിഹാരം ആവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവൻ പേരെയും നേരിട്ട് കണ്ട് വോട്ടുകൾ ഉറപ്പിക്കാനാണ് പദ്ധതി. ഈ കാര്യത്തിൽ ഉൾപ്പടെ പൊതുജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താനും മികച്ച റിസൽട്ട് ഉണ്ടാക്കാനും നേരത്തെ എം.പിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.

ബി.ജെ.പി.

കൃഷി, ആരോഗ്യം, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് ഇതിനായി നേതൃത്വം നേരിൽ കാണുക. മധ്യവർഗ സമൂഹങ്ങളിലെ ഏറ്റവും വലിയ ചർച്ചയായ അമിത നികുതി സംബന്ധിച്ചും ചർച്ചകൾക്ക് വഴിയൊരുക്കും. ഇത്തരം കാര്യങ്ങൾക്ക് രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സർക്കാരിന്റെ വികസന പദ്ധതികൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ വ്യക്തമാക്കിയതും ശുഭസൂചനയായാണ് നേതൃത്വം കാണുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.ടി.രമേശിന് പകരം രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നാൽ അത് പാർട്ടിക്കുള്ളിൽ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. അധ്യക്ഷനാക്കിയില്ലെങ്കിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം കൊണ്ടുവന്ന് എം.ടി രമേശിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

ഇതിനിടെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ കഴിഞ്ഞയിടെ കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ പേര് ആദ്യ ഘട്ടത്തിൽ പറഞ്ഞുകേട്ടിരുന്നെങ്കിലും ഏറ്റവും ഒടുവിൽ രാജീവ് ചന്ദ്രശേഖറിന്റെയും എം.ടി രമേശിന്റെയും പേരാണ് ദേശീയ നേതൃത്വത്തിന്റെ മുമ്പാകെയുള്ളത്. ശോഭ സുരേന്ദ്രന്റെ പദവി എന്താകണമെന്നതും വൈകാതെ തീരുമാനമാകും. രാജീവ് ചന്ദ്രശേഖർ വിയോജിപ്പ് അറിയിച്ചാൽ എം.ടി രമേശ് തന്നെയാകും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരിക. ആർ.എസ്.എസിന്റെ പിന്തുണയും പാർട്ടിയിലെ ദീർഘകാല പരിചയ സമ്പത്തും മികച്ച സംഘടനാ പാടവവും എല്ലാ വിഭാഗം ജനങ്ങളിലും പാർട്ടിക്കുള്ളിലെ തന്നെ വിവിധ ഗ്രൂപ്പുകളിൽ പോലും ഉള്ള സ്വീകാര്യതുടങ്ങിയവയെല്ലാം എം.ടി രമേശിന് അനുകൂല ഘടകങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

​ഗ്രീഷ്മയെ കുടുക്കിയത് കേരള പോലീസിന്റെ മാസ്റ്റർപ്ലാൻ

ഷാരോൺ രാജ് കൊലക്കേസിൽ നടപ്പിലായത് കേരള പൊലീസിന്റെ മാസ്റ്റർ പ്ലാനാണ്. ​കേസിന്റെ...

ക്യൂബയെ വീണ്ടും ഭീകരവാദ രാജ്യമാക്കി. തിരികെയെത്തിയ ട്രംപ് എടുത്ത പുതിയ തീരുമാനങ്ങൾ.

ട്രംപിന്റെ രണ്ടാം വരവിൽ ബൈഡൻ ഭരണകൂടം നിലവിൽ കൊണ്ടുവന്ന 78 ഉത്തരവുകൾ...

മാരാമൺ കൺവെൻഷൻ: യുവജന സമ്മേളനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കി.

മാരാമൺ കൺവെൻഷന്റെ ഭാഗമായി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവവേദി സമ്മേളനത്തിൽ നിന്നും...

ഇനി താരം Insta Edits. Instaയുടെ പുതിയ ആപ്പ് വരുന്നു..

യുണൈറ്റഡ് സ്റ്റേറ്റ്സിൽ TikTok നിയമപരമായി നിരോധിച്ച അതേ ദിവസം തന്നെ, പുതിയ...