നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസതെക്ക് റിമാൻഡ് ചെയ്തു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, നടി തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണ് എന്ന് ബോബി ചെമ്മണൂർ വാദിക്കുമ്പോളും നിരന്തരമായി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നു എന്ന് മനസിലാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, ബോബി ചെമ്മണ്ണൂർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും, അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും, താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ കോടതിയിലെ പ്രധാനവാദങ്ങൾ. മഹാഭാരതത്തിലെ കുന്തി ദേവിയോട് ആണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ജാമ്യം അനുവദിച്ചാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.